
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവയിൽ ട്രംപ് ഭരണകൂടം നൽകിയ ഇളവ് രണ്ട് മാസത്തേക്കാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നാളെ ഇന്ത്യയിൽ എത്താനിരിക്കെയാണ് മാർക്കോ റൂബിയോ ഇക്കാര്യം അറിയിച്ചത്. പകരം ഇന്ധനം മറ്റിടങ്ങളിൽ നിന്ന് വാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാനാണ് രണ്ട് മാസം നൽകിയതെന്നും മാർക്കോ റൂബിയോ വിശദീകരിച്ചു. ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്ക്, റഷ്യൻ എണ്ണക്ക് പകരം സംവിധാനം ഏർപ്പെടുത്താനുള്ള സമയമാണ് നൽകിയിരിക്കുന്നത് എന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി വിവരിച്ചു. നാളെ ഇന്ത്യയിലെത്തുന്ന റൂബിയോ, എസ് ജയശങ്കറുമായടക്കം കൂടിക്കാഴ്ച നടത്തും. അതേസമയം അധിക താരിഫ് തൽക്കാലമില്ല എന്ന് അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തിൽ യു എസിലെ ഫ്ലോറിഡയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകും എന്ന് ഉറപ്പായി.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 100% അധിക തീരുവ ഏർപ്പെടുത്താനുള്ള അധികാരമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കിട്ടിയത്. ഇത് രണ്ട് മാസത്തേക്ക് മരവിപ്പിക്കാനാണ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. അമേരിക്കയുടെ ദേശീയ താൽപര്യം മുൻനിർത്തി ഉള്ള തീരുമാനം എന്നാണ് ട്രംപ് ഭരണകൂടം വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് പിടിച്ചുനിർത്തുക എന്നത് അമേരിക്കയുടെ താൽപര്യമാണ്. ഒപ്പം റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ അടുത്തയിടെ ഉണ്ടായ ധാരണയും താരിഫ് നീക്കം മരവിപ്പിക്കാൻ ഡോണൾഡ് ട്രംപിനെ പ്രേരിപ്പിച്ചു. അധിക തീരുവയിലെ ഇളവ് രണ്ട് മാസത്തേക്ക് ഉണ്ടാകും എന്നാണ് മാർക്കോ റൂബിയോ ഇന്ന് വ്യക്തമാക്കിയത്. ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്ക് പകരം സംവിധാനം ഏർപ്പെടുത്താനുള്ള സമയമാണ് നൽകിയിരിക്കുന്നത് എന്നും മാർക്കോ റൂബിയ പറഞ്ഞു. എസ് ജയശങ്കറുമായി നാളെ ചർച്ച നടത്താനിരിക്കെയാണ് മാർക്കോ റൂബിയോയുടെ ഈ വിശദീകരണം. അധിക താരിഫ് തൽക്കാലമില്ല എന്ന് അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫ്ലോറിഡയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകും എന്ന് ഉറപ്പായി. അധിക താരിഫ് രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് നേരത്തെ ഇന്ത്യ താക്കീത് നൽകിയിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ജി 20 ഉച്ചകോടിക്കിടെ കാണുമ്പോൾ പ്രധാനമന്ത്രി താരിഫ് വിഷയം ഉന്നയിക്കാനാണ് സാധ്യത. യുക്രൈൻ സംഘർഷം പരിഹരിക്കാൻ അമേരിക്കയും റഷ്യയും ചൈനയും ഉൾപ്പെട്ട ത്രികക്ഷി ഉച്ചകോടി വിളിക്കണമെന്ന് പുടിൻ ആവശ്യപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയുള്ള ചർച്ചയ്ക്ക് വ്ളാഡിമിർ പുട്ടിൻ നടത്തുന്ന ഈ നീക്കത്തോട് യു എസ് പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam