
വാഷിംഗ്ടൺ: അടുത്ത വർഷം മുതൽ അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്‍റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ഇലക്ട്രിക് വാഹന ഭീമനായ ഇലോൺ മസ്കിന്‍റെ പ്രഖ്യാപനം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന നിരവധി സമ്മാനങ്ങളിൽ ആദ്യത്തേത് മാത്രമാണിതെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 12-ന് നാസ്ഡാക് സൂചികയിൽ ലിസ്റ്റ് ചെയ്ത സ്പേസ് എക്സ് ഓഹരികൾ നിലവിൽ 147.43 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ഇഷ്യു വിലയായ 135 ഡോളറിൽ നിന്ന് 11 ശതമാനം പ്രീമിയത്തോടെ 150 ഡോളറിലാണ് കമ്പനി ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇൻഫ്രാസ്ട്രക്ചർ, സ്റ്റാർലിങ്ക് സേവനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യം കുത്തനെ ഉയർന്നതിനെ തുടർന്ന് കമ്പനിയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കഴിഞ്ഞ മാസം കൂടുതൽ മുന്നോട്ട് വെച്ചിരുന്നു. 2030ഓടെ വാർഷിക വരുമാനത്തിൽ ഒരു ലക്ഷം കോടി ഡോളർ എന്ന നാഴികക്കല്ലിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുൻപ് കണക്കാക്കിയതിനേക്കാൾ ഒരു വർഷം മുമ്പേ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് സിഇഒ ഇലോൺ മസ്ക് വ്യക്തമാക്കുന്നത്.
സ്റ്റാർലിങ്ക്, എഐ ഇൻഫ്രാസ്ട്രക്ചർ, ലോഞ്ച് സർവീസസ് എന്നീ മൂന്ന് പ്രധാന ബിസിനസ് മേഖലകളിലുമുള്ള വളർച്ചയാണ് ഈ പുതിയ നേട്ടത്തിന് കാരണമെന്ന് കമ്പനിയുടെ രണ്ടാം പാദ വരുമാന കണക്കുകൾ വ്യക്തമാക്കുന്നു. 2026 അവസാനത്തോടെ വാർഷിക വരുമാന റൺ റേറ്റ് 100 ബില്യൺ ഡോളർ കവിയുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റിന്‍റെ തുടക്കത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ബിസിനസിലെ ഉയർന്ന ചെലവുകൾ കമ്പനിയുടെ ഓഹരികളെ ചെറിയ രീതിയിൽ ബാധിച്ചിരുന്നു. വർഷത്തിന്‍റെ ആദ്യ പകുതിയിൽ കമ്പനിയുടെ മൂലധനച്ചെലവ് 28.5 ബില്യൺ ഡോളറായി ഉയർന്നിരുന്നു. എങ്കിലും വൻകിട നിക്ഷേപകരും വിശകലന വിദഗ്ധരും വലിയ പ്രതീക്ഷയോടെയാണ് ഇലോൺ മസ്കിന്‍റെ ഈ പുതിയ പ്രഖ്യാപനങ്ങളെയും സ്പേസ് എക്സിന്‍റെ ഭാവി വളർച്ചയെയും നോക്കിക്കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam