
വാഷിങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആദ്യമായി ഇന്ത്യയിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 23ന് മാർക്കോ റൂബിയോ ഇന്ത്യയിൽ എത്തും. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന റൂബിയോ, വ്യാപാരം, പ്രതിരോധം, ഊർജം എന്നീ മേഖലകളിലെ തുടർ സഹകരണം ചർച്ച ചെയ്യും. കൊൽക്കത്ത, ആഗ്ര, ജയ്പുർ, ദില്ലി എന്നീ നഗരങ്ങളിൽ റൂബിയോ സന്ദർശനം നടത്തും. മെയ് 26 വരെ റൂബിയോയുടെ ഇന്ത്യ സന്ദർശനം നീളും.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടോമി പിഗോട്ട് ആണ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. മെയ് 23 മുതൽ 26 വരെ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കുമന്നും കൊൽക്കത്ത, ആഗ്ര, ജയ്പുർ, ദില്ലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നും ടോമി പിഗോട്ട് അറിയിച്ചു. മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഊർജം, സുരക്ഷ, വ്യാപാരം, പ്രതിരോധ സഹകരണം എന്നീ വിഷയങ്ങൾ മാർക്കോ റൂബിയോ ചർച്ച ചെയ്യുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് വ്യക്തമാക്കി.
അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരമേറ്റ് ഒന്നര വർഷം പിന്നിടുമ്പോഴാണ് മാർക്ക് റൂബിയോ ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. മെയ് 22ന് സ്വീഡനിലെ ഹെൽസിൻബോർഗിൽ നാറ്റോയിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും റൂബിയോ ഇന്ത്യയിലേക്ക് തിരിക്കുക.
ദില്ലിയിൽ എത്തുന്ന റൂബിയോ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് സംഘങ്ങളുടെ യോഗത്തിലും പങ്കെടുക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. ഓസ്ട്രേലിയ, ജപ്പാൻ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. പശ്ചിമേഷ്യൻ സംഘർഷം അടക്കമുള്ള ആഗോള വെല്ലുവിളികൾ യോഗത്തിൽ ചർച്ചയാകും. മെയ് 26നാണ് ക്വാഡ് സംഘങ്ങളുടെ യോഗം നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam