
ന്യൂയോര്‍ക്ക്: ഇറാനുമായി ചര്‍ച്ചകള്‍ക്കായി അമേരിക്കൻ സംഘം പാകിസ്ഥാനിലെത്തില്ല. ചര്‍ച്ചകള്‍ക്കായി പോകേണ്ടെന്ന് ഡോണള്‍ഡ് ട്രംപ് അമേരിക്കൻ സംഘത്തിന് നിര്‍ദേശം നൽകി. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് നിലപാടെന്നും ട്രംപ് വ്യക്തമാക്കി. അനാവശ്യ യാത്രകൾ ഒരുപാടായെന്നും ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്കില്ലെന്നാണ് ഇറാൻ നിലപാട്.ഇറാന്‍റെ സമാധാന നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് അമേരിക്കൻ സംഘം പാകിസ്ഥാൻ യാത്ര റദ്ദാക്കിയത്
അതിനിടെ, അമേരിക്കയുമായി സമാധാന ചർച്ചകളിൽ നിലനിൽക്കുന്ന ആശങ്കകളും തങ്ങളുടെ നിർദേശങ്ങളും ഇറാൻ പാകിസ്ഥാന് കൈമാറി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്‍ച്ചി പാക് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, സേനാ മേധാവി എന്നിവരുമായി ചർച്ചകൾ നടത്തി.ഇതിന് മുൻപ് ഇറാനിലെത്തി പാക് സൈനിക മേധാവി അസീം മുനീർ ഒരു ഘട്ടം ചർച്ച നടത്തിയതാണ്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിൽ ഇറാൻ വിദേശകാര്യ മന്ത്രിയെത്തിയത്. പാകിസ്ഥാനിലെ കൂടിക്കാഴ്ചകള്‍ക്കുശേഷം ഇറാൻ വിദേശകാര്യമന്ത്രി ഒമാനിലേക്കും പിന്നീട് റഷ്യയിലേക്കും പോകും. ഇതിനിടെ പാക് പ്രസിഡന്‍റ് ചൈനയിലേക്കും യാത്ര തിരിച്ചു.
അതിനിടെ, ഊർജ സംവിധാനങ്ങൾക്ക് മേലുള്ള അമേരിക്കൻ ആക്രമണവും ഉപരോധവും കാരണം രാജ്യത്തുണ്ടായേക്കാവുന്ന അസംതൃപ്തി മുൻകൂട്ടി വ്യക്തമാക്കി ഇറാൻ പ്രസിഡന്‍റ് രംഗത്തെത്തി. ഊർജ ഉപഭോഗം ചുരുക്കണമെന്ന് പ്രസിഡന്‍റ് ജനങ്ങളോട് ആവശ്യപ്പെട്ടു.ഇറാൻ ചർച്ചകൾക്കായി യു.എസ് മിഡിൽ ഈസ്റ്റ് പ്രിതിവിധി സ്റ്റീവ് വിറ്റ്കോഫും ജാരിദ് കഷ്നറും ആണ് ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേ ഇസ്ലാമാബാദിലേക്ക് പോകാനിരുന്നത്. ആണവ വിഷയത്തിൽ തങ്ങൾ പരിധികൾ വെച്ചിട്ടുണ്ടെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഹോർമുസിൽ നിന്ന് നിയമം പാസാക്കി പണം പിരിക്കാനും തുടങ്ങി. ഹോർമുസ് ഇറാൻ തുറന്നിട്ടുമില്ല. അമേരിക്കയാകട്ടെ 2003ന് ശേഷം ആദ്യമായി മൂന്ന് വമ്പൻ പടക്കപ്പലുകളും ആയിരക്കണക്കിന് സൈനികരെയും അണിനിരത്തി ഇറാനെ ഉപരോധിക്കുന്നു. സമാധാന നിർദേശം ലഭിക്കും വരെയാണ് അമേരിക്ക വെടിനിർത്തൽ നീട്ടിയിരിക്കുന്നത്. മേഖലയിൽ അമേരിക്ക വൻതോതിൽ സൈനിക സന്നാഹം കൂട്ടുന്നുണ്ട്. നിരവധി ടാങ്കർ വിമാനങ്ങൾ ഇസ്രയേലിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. സമവായം ഉണ്ടായില്ലെങ്കിൽ ആക്രമണം കടുപ്പിക്കുമെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam