ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിന് ഫ്രാൻസിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഏകദേശം രണ്ട് കോടി രൂപ പിഴ. ജീവനക്കാരുടെ ജോലി സമയം കൃത്യമായി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഫ്രഞ്ച് തൊഴിൽ അതോറിറ്റി പിഴ ചുമത്തിയത്. ഇന്ത്യയിൽ യുവാക്കൾ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി നിർദ്ദേശിച്ച് ഒരു വർഷം തികയുമ്പോഴാണ് ഈ നടപടി.
ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിന്, രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കാരണത്താൽ ഫ്രാൻസ്, ഏകദേശം രണ്ട് കോടി രൂപ (1.75 ലക്ഷം യൂറോ) പിഴ ചുമത്തി. ജീവനക്കാരുടെ ജോലി സമയം കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനത്തിൽ നിയമാനുസൃതമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് തൊഴിൽ അതോറിറ്റിയായ ഡ്രീറ്റ്സ് ഇൽ ഡി ഫ്രാൻസിന്‍റെ നടപടി. കമ്പനി, ഓഹരി വിപണിക്ക് നൽകിയ വെളിപ്പെടുത്തലിലൂടെയാണ് ഇക്കാര്യം പുറത്തുവന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വിശ്വാസ്യത ഇല്ല
2025 -ൽ യുവ ഇന്ത്യക്കാർ ആഴ്ചയിൽ 70 മുതൽ 72 മണിക്കൂർ വരെ ജോലി ചെയ്യണമെന്ന ഇൻഫോസിസിസ് മേധാവി എൻ ആർ നാരായണ മൂർത്തിയുടെ നിർദ്ദേശം ഇന്ത്യയിൽ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. നാരായണ മൂർത്തി ഈ നിർദ്ദേശം മുന്നോട്ട് വച്ച് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഇന്‍ഫോസിസ് തങ്ങളുടെ ജീവനക്കാരുടെ ജോലി സമയം കൃത്യമായല്ല രേഖപ്പെടുത്തുന്നത് എന്ന് കണ്ടത്തിയതിനെ തുടർന്ന് ഫ്രാൻസ് പിഴ ചുമത്തിയത്. ജോലി സമയം രേഖപ്പെടുത്താൻ ഇൻഫോസിസ് ഉപയോഗിച്ചിരുന്ന സംവിധാനത്തിന് ആവശ്യമായ വിശ്വാസ്യത, ഓഡിറ്റ് നടത്താൻ കഴിയുന്ന രേഖകളുടെ സംരക്ഷണം, ചില വിഭാഗങ്ങളിലെ ജീവനക്കാരുടെ ജോലി സമയം ഫലപ്രദമായി നിരീക്ഷിക്കാനുള്ള പോരായ്മ എന്നിവ പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ആഴ്ചയിൽ 35 മണിക്കൂർ ജോലി
എന്നാൽ ഏത് വിഭാഗം ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്നോ എത്ര ജീവനക്കാർ ഇതിന്‍റെ പരിധിയിലായിരുന്നു എന്നുള്ള കാര്യങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ പിഴ കമ്പനിയുടെ സാമ്പത്തിക നിലയെയോ പ്രവർത്തനങ്ങളെയോ കാര്യമായി ബാധിക്കില്ലെന്നും, തുടർനടപടികൾ നിയമപരമായി പരിശോധിച്ചുവരികയാണെന്നും ഇൻഫോസിസും അറിയിച്ചു. ഫ്രാൻസിൽ തൊഴിലുടമകൾ അവരുടെ ജീവനക്കാരുടെ ജോലി സമയം കൃത്യമായും അധികാരികൾക്ക് പരിശോധിക്കാൻ കഴിയുവുന്ന രീതിയിലും രേഖപ്പെടുത്തുന്നത് നിയമപരമായ ബാധ്യതയാണ്. രാജ്യത്ത് ഏറ്റവും കൂറഞ്ഞത് ആഴ്ചയിൽ 35 മണിക്കൂറാണ് പ്രവൃത്തി സമയം. ഏറ്റവും കൂടിയത് 48 മണിക്കൂറും. ഓവർടൈം, നിർബന്ധിത വിശ്രമസമയം തുടങ്ങിയ തൊഴിൽനിയമങ്ങൾ തൊഴിലിടങ്ങളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്തരം വ്യവസ്ഥകൾ കർശനമായി ഫ്രാൻസ് നടപ്പാക്കുന്നത്.
‘70 മണിക്കൂർ പണിയെടുക്കണ’മെന്ന് നാരായണ മൂർത്തി
ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി ഇന്ത്യയിൽ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന നിർദ്ദേശം പങ്കുവച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഈ പരാമർശം അന്ന് ഏറെ വിവാദമായിരുന്നു. ഫ്രാൻസ്, ഇൻഫോസിസിന് പിഴ ചുമത്തിയതോടെ നാരായണ മൂർത്തിയുടെ പഴയ നിർദ്ദേശം വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായി. ദീർഘനേരം ജോലി ചെയ്ത് ഉത്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ട നാരായണമൂർത്തി, ജീവനക്കാരുടെ ജോലി സമയം എന്തുകൊണ്ടാണ് കൃത്യമായി രേഖപ്പെടുത്താത്തതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നു.


