പ്രശസ്ത നേപ്പാളി പർവതാരോഹകൻ നിർമൽ പുർജ പാകിസ്ഥാനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ മരിച്ചു. '14 പീക്ക്സ്' എന്ന ഡോക്യുമെന്ററിയിലൂടെ ലോകശ്രദ്ധ നേടിയ പുർജ, ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയ റെക്കോർഡിന് ഉടമയാണ്. അദ്ദേഹത്തിന്റെ പർവ്വതാരോഹണ ഏജൻസിയാണ് മരണം സ്ഥിരീകരിച്ചത്.
ദില്ലി: പാക്കിസ്ഥാനിലെ ഗിൽഗിത് ബാൾട്ടിസ്ഥാനിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ പ്രശസ്ത നേപ്പാളി പർവ്വതാരോഹകൻ നിർമൽ പുർജ (43) മരിച്ചതായി സ്ഥിരീകരിച്ചു. 'നിംസ്‌ദായ്' എന്ന് അറിയപ്പെടുന്ന നിർമൽ പുർജയെയും സംഘത്തെയും മഞ്ഞുവീഴ്ചയെ തുടർന്ന് കാണാതായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പർവ്വതാരോഹണ ഏജൻസിയായ 'എലൈറ്റ് എക്സ്പെഡ്' ആണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നേപ്പാൾ, പാക്കിസ്ഥാൻ, ഒമാൻ, അമേരിക്ക, ചൈന രാജ്യക്കാരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 8051 മീറ്ററുമായി ഉയരത്തിൽ ലോകത്തിൽ 12-ാം സ്ഥാനമുള്ള കൊടുമുടിയാണ് ബ്രോഡ് പീക്ക്. വ്യഴാഴ്ച അർധരാത്രി 6600 മീറ്റർ ഉയരത്തിലുണ്ടായ മഞ്ഞിടിച്ചിലിലാണ് പർവതാരോഹക സംഘം പെട്ടത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ഏറ്റവും വേഗത്തിൽ കീഴടക്കിയതിന്റെ റെക്കോർഡ് നിർമൽ പുർജയുടെ പേരിലാണ്.
പർവ്വതാരോഹണ സംഘത്തെ നയിച്ചത് നിർമൽ പുർജയാണ്. അപകടത്തെത്തുടർന്ന് അദ്ദേഹവുമായുള്ള ആശയവിനിമയം പൂർണ്ണമായും നഷ്ടമായിരുന്നു. ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സിലെ മുൻ അംഗമായിരുന്ന നിർമൽ പുർജ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികളും ഏറ്റവും വേഗത്തിൽ (6 മാസവും 6 ദിവസവും കൊണ്ട്) കീഴടക്കി ലോകശ്രദ്ധ നേടിയ വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ റെക്കോർഡ് നേട്ടത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമ്മിച്ച '14 Peaks: Nothing Is Impossible' എന്ന ഡോക്യുമെന്ററി ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.


