എണ്ണ പ്രതിസന്ധി മറികടക്കാന്‍ വിചിത്ര പരിഹാരവുമായി യുഎസ്, ഇന്ത്യയ്ക്ക് ഗുണമാവും!

Published : Mar 21, 2026, 12:40 PM IST
trump iran war update donald trump middle east tensions hormuz strait oil crisis military action

Synopsis

ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം നീക്കി, കൂടുതല്‍ എണ്ണ ഇന്ധനവിപണിയില്‍ എത്തിക്കാനാണ് അമേരിക്കയുടെ പുതിയ ശ്രമം. അമേരിക്കയുടെ ഈ ഇടപെടല്‍ ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ പ്രതിസന്ധി രൂക്ഷമായതിനിടെ, വിചിത്രമായ പരിഹാരമാര്‍ഗവുമായി അമേരിക്ക. ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം നീക്കി, കൂടുതല്‍ എണ്ണ ഇന്ധനവിപണിയില്‍ എത്തിക്കാനാണ് അമേരിക്കയുടെ പുതിയ ശ്രമം. അമേരിക്കയുടെ ഈ ഇടപെടല്‍ ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. ഇറാന്‍ ഊര്‍ജ്ജ കയറ്റുമതിയില്‍ വര്‍ഷങ്ങളായി യുഎസ് ഉപരോധം നിലനില്‍ക്കുന്നുണ്ട്.

ഉപരോധം കാരണം വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്ന ഇറാനിയന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി വകുപ്പ് താല്‍ക്കാലികമായി നീക്കിയത്. ഈ എണ്ണ വടക്കന്‍ കൊറിയ, ക്യൂബ, റഷ്യ പിടിച്ചടക്കിയ യുക്രെയ്ന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴികെ വില്‍ക്കാനാവും. മാര്‍ച്ച് 20 വരെ കപ്പലുകളില്‍ ലോഡ് ചെയ്ത എണ്ണയ്ക്കാണ് ഈ ലൈസന്‍സ് ബാധകം. ഇത് ഏപ്രില്‍ 19 വരെ പ്രാബല്യത്തിലുണ്ടാകുമന്നാണ് യുഎസ് ട്രഷറി ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞയാഴ്ച റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം അമേരിക്ക ലഘൂകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി.

ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യാഴാഴ്ച തന്നെ ഈ തീരുമാനത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഉപരോധം നീക്കുന്നത് വഴി 140 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉപരോധം നീക്കുന്നതുകൊണ്ട് ഇറാനു വലിയ സാമ്പത്തിക നേട്ടമൊന്നും ലഭിക്കില്ലെന്ന് ബെസെന്റ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഇങ്ങനെ എണ്ണ വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനം ലഭ്യമാക്കുന്നതില്‍ ഇറാന്‍ ബുദ്ധിമുട്ടുമെന്ന് സ്‌കോട്ട് ബെസെന്റ് പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലേക്ക് പ്രവേശിക്കാനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുന്നതില്‍ പരമാവധി സമ്മര്‍ദ്ദം തുടരുമെന്നും ബെസെന്റ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇറാന്‍ എണ്ണയുടെ ഉപരോധം നീക്കുന്നത് ഇന്ധന വിപണിയെ എത്രമാത്രം സഹായിക്കുമെന്ന കാര്യത്തില്‍ അവ്യക്തതകളുണ്ട്. ഉപരോധം പരിമിതമായി നീക്കുന്നത് ആഗോള വിലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ അമേരിക്കന്‍ ഉപരോധം വെട്ടിച്ച് എണ്ണയുടെ ഭൂരിഭാഗവും ഇറാന്‍ വില്‍ക്കുന്നത് ചൈനയ്ക്കാണ്. മാത്രമല്ല, കടലിലുള്ള ഇറാന്റെ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഇതിനകം വിറ്റതാണെന്നാണ് ഊര്‍ജ്ജ മേഖലയിലെ വിദഗ്ധര്‍ കരുതുന്നത്. അതോടൊപ്പം, അന്താരാഷ്ട്ര ബാങ്കുകള്‍ ഇറാന്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉടന്‍ സുഗമമാക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. അതിനാല്‍, ഉപരോധം നീക്കിയാലും വിപണിയിലേക്ക് വലിയ തോതില്‍ ഇറാന്‍ എണ്ണ എത്തില്ലെന്നാണ് സൂചന. അമേരിക്ക ഇറാനില്‍ നിന്ന് എണ്ണ വാങ്ങാറില്ല.

ഉപരോധം നീക്കാനുള്ള തീരുമാനം ആഗോള എണ്ണവില കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ഏതറ്റം വരെയും പോകുമെന്നതിന്റെ സൂചനയാണ്. അമേരിക്കയില്‍ ഇന്ധനവില കൂടിവരുന്നത് ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ പ്രതിസന്ധി തീര്‍ക്കാനിടയുണ്ട്. ഇതാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് നിഗമനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനിലെ യുദ്ധക്കനല്‍ പബ്ബുകളിലേക്കും; ആഴ്ച്ചകൾക്കുള്ളിൽ ബിയര്‍ വില കൂട്ടാന്‍ പ്രമുഖ കമ്പനികള്‍, ബ്രിട്ടനിലെ ബിയര്‍ പ്രേമികളുടെ പോക്കറ്റ് ചോരുമോ?
കുതിച്ചെത്തിയത് നാല് ബാലിസ്റ്റിക് മിസൈലുകൾ, കെട്ടിടത്തിന് മുകളിൽ നിൽക്കുമ്പോൾ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചത് യുപി സ്വദേശി