2026 ഫെബ്രുവരി 23-ന് വീഡിയോ കോൾ വഴിയായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്തും യുവതി നിഖാബ് ധരിച്ചിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. വിവാഹശേഷം നേരിട്ട് കണ്ടപ്പോഴാണ് തനിക്ക് നൽകിയ ചിത്രങ്ങളിലെ ആളല്ല ഇതെന്ന് ഗുലാം റസൂൽ തിരിച്ചറിയുന്നത്.
ഇസ്ലാമാബാദ്: സോഷ്യൽ മീഡിയ പ്രണയത്തിനൊടുവിൽ വീഡിയോ കോളിലൂടെ വിവാഹം കഴിച്ച യുവതി തന്നെ എഐ ചിത്രങ്ങൾ കാണിച്ച് വഞ്ചിച്ചെന്ന ആരോപണവുമായി പാകിസ്ഥാൻ മുൻ മന്ത്രി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രങ്ങൾ കാണിച്ച് തന്നെ വിശ്വസിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് മുൻ പാകിസ്താൻ സിന്ധ് പ്രവിശ്യാ മന്ത്രി ഗുലാം റസൂൽ ഉനർ ആണ് മുൻ ഭാര്യയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്. മുൻഭാര്യ റസിയ അർബാബിനെതിരെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമം ( അനുസരിച്ച് എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുലാം റസൂൽ കറാച്ചിയിലെ സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു.
തന്റേതെന്നു കാട്ടി എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളിലൂടെ റസിയ അർബാബ്, ഗുലാം റസൂൽ ഉന്നാറിനെ ഈ ബന്ധത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. സംഭവത്തിൽ പരാതിക്കാരന്റെ ഹർജി പരിഗണിച്ച കോടതി കറാച്ചിയിലെ ഡിഫൻസ് എസ്.എച്ച്.ഒ, പൊലീസിന്റെ പരാതി പരിഹാര സെൽ എസ്.പി എന്നിവർക്ക് നോട്ടീസ് അയക്കുകയും ഓഗസ്റ്റ് 17-നകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വീഡിയോ കോളിനിടെ യുവതിയോട് നേരിട്ട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം ഇവർ എഐ ഉപയോഗിച്ച് ഉണ്ടാക്കിയ ചിത്രങ്ങളാണ് അയച്ചുനൽകിയിരുന്നതെന്നാണ് മുൻ മന്ത്രി പറയുന്നത്.
2026 ഫെബ്രുവരി 23-ന് വീഡിയോ കോൾ വഴിയായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്തും യുവതി നിഖാബ് ധരിച്ചിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. വിവാഹശേഷം നേരിട്ട് കണ്ടപ്പോഴാണ് തനിക്ക് നൽകിയ ചിത്രങ്ങളിലെ ആളല്ല ഇതെന്ന്ഗുലാം റസൂൽ തിരിച്ചറിയുന്നത്. തുടർന്ന് ഇരുവരും അകൽച്ചയിലായി. ഇതിനിടെ മുൻ എം.പി.എ മരണപ്പെട്ടുവെന്ന് കാണിച്ച് യുവതി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തി. തുടർന്ന് ഓഗസ്റ്റ് 2-ന് ഗുലാം റസൂൽ യുവതിയെ വിവാഹമോചനം ചെയ്തു. വിവാഹമോചനത്തിന് ശേഷം യുവതി കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും ഗുലാം റസൂൽ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലും മുൻ മന്ത്രിയായ ഗുലാം റസൂൽ പരാതി നൽകിയിട്ടുണ്ട്.


