
പശ്ചിമേഷ്യയിൽ കടൽ യുദ്ധ സാഹചര്യം രൂക്ഷം. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ദുർബലമായി തുടരുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതായി യുഎസ് സൈന്യം ഔദ്യോഗികമായി അറിയിച്ചു. വിമാനവാഹിനിക്കപ്പൽ യു എസ് എസ് ജോർജ് ഡബ്ല്യു ബുഷ് കൂടി മേഖലയിലേക്ക് എത്തി. നിലവിൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഇത്തരമൊരു സുപ്രധാന നീക്കം നടത്തിയത്. ഇതോടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം മുൻപത്തേക്കാൾ ശക്തമായിരിക്കുകയാണ്.
യുഎസ് സെൻട്രൽ കമാൻഡ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പുറത്തുവിട്ടു. സെൻട്രൽ കമാൻഡിന്റെ ഉത്തരവാദിത്ത പരിധിയിൽ വരുന്ന പ്രദേശത്താണ് നിലവിൽ ഈ കപ്പൽ നിലയുറപ്പിച്ചിട്ടുള്ളതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം, മറ്റ് രണ്ട് വിമാനവാഹിനിക്കപ്പലുകളായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും , യുഎസ്എസ് എബ്രഹാം ലിങ്കണും നേരത്തെ തന്നെ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് ഒരേസമയം മൂന്ന് വിമാനവാഹിനിക്കപ്പലുകളെ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam