
ടെൽ അവീവ്: ഇസ്രയേലിനെ പിന്തുണയ്ക്കാൻ അധികമായി യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗൺ വ്യക്തമാക്കിയതായി റിപ്പോർട്ട്. ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ ടെഹ്റാനിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായുള്ള റിപ്പോർട്ടുകൾക്ക് നേരത്തെ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പെൻറഗൺ പ്രതികരണമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇസ്മായീൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി നിൽക്കുന്നതിനിടയിലാണ് പെൻറഗൺ പ്രഖ്യാപനമെത്തുന്നത്.
ഇസ്മായീൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണമാണ് ഇറാനിൽ പ്രഖ്യാപിച്ചത്. ബുധനാഴ്ചയാണ് ഹമാസ് നേതാവ് ടെഹ്റാനിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഗാസയിലെ വെടിനിർത്തൽ ചർച്ചകളിൽ അടക്കം നിർണായക പങ്കുവഹിച്ചിരുന്ന ഹമാസ് നേതാവായിരുന്നു 62കാരനായ ഇസ്മായീൽ ഹനിയ്യ. ഹിസ്ബുള്ള കമാൻഡർ ഫുവാദ് ശുക്ർ കൊല്ലപ്പെട്ടതായുള്ള ഇസ്രയേൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെടുന്നത്.
യുഎസ് സൈനിക സംരക്ഷണത്തിനും ഇസ്രയേൽ പ്രതിരോധത്തിന് ശക്തികൂട്ടാനും വിവിധ സാഹചര്യങ്ങളോട് പ്രതികരിക്കാൻ സജ്ജമായ രീതിയിലാണ് അമേരിക്കയുള്ളതെന്നാണ് പെന്റഗൺറെ പ്രസ്താവന വിശദമാക്കുന്നത്. ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകളും ഡിസ്ട്രോയറുകളും ഉൾപ്പെടുന്നവയാണ് മേഖലയിലേക്ക് അധികമായി വിന്യസിക്കുക. നേരത്തെ ഏപ്രിൽ 13ന് ഇറാൻ ഇസ്രയേലിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ മേഖലയിലെ സൈനിക വിന്യാസം അമേരിക്ക ശക്തമാക്കിയിരുന്നു. ഇസ്രയേൽ സഖ്യം 300ലേറെ ഡ്രോണുകളേയും മിസൈലുകളേയുമാണ് പ്രതിരോധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam