ഇറാന്‍റെ തിരിച്ചടി പ്രതീക്ഷിച്ച് അമേരിക്ക; പൗരന്മാര്‍ക്ക് ഇറാഖ് വിടാന്‍ നിര്‍ദേശം

By Web TeamFirst Published Jan 3, 2020, 8:55 PM IST
Highlights

ഇതിന് പിന്നാലെയാണ് പൗരന്മാരോട് ഇറാഖ് വിടാന്‍ അമേരിക്ക നിര്‍ദേശിച്ചത്. ഇറാഖിലെയും മേഖലയിലെയും സംഘര്‍‌ഷാവസ്ഥ പരിഗണിച്ച് ഉടന്‍ ഇറാഖില്‍ നിന്നും പിന്‍വാങ്ങുവാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ഇറാഖിലെ അമേരിക്കന്‍ എംബസി പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നത്. 

വാഷിംങ്ടണ്‍: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍റര്‍ കാസിം സൊലേമാനിയുടെ കൊലപാതകത്തില്‍ തിരിച്ചടി പ്രതീക്ഷിച്ച് അമേരിക്ക. ഇതിന്‍റെ വെളിച്ചത്തില്‍ ഉടന്‍ തന്നെ ഇറാഖ് വിടാന്‍ അമേരിക്കന്‍ പൗരന്മാരോട് യുഎസ് അഭ്യര്‍ത്ഥിച്ചു. ഇറാന്‍ സൈനീകാധികാര കേന്ദ്രത്തിലെ ഏറ്റവും വിശ്വസ്തനും ശക്തനുമായ ജനറൽ കാസ്സിം  സൊലേമാനി എന്ന ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ് തലവനെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക മിസൈല്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ‍് ട്രംപിന്‍റെ നേരിട്ടുള്ള ഉത്തരവിലാണ് കാസ്സിം  സൊലേമാനിയെ കൊലപ്പെടുത്തിയത് എന്നാണ് പെന്‍റഗണ്‍ വ്യക്തമാക്കുന്നത് എന്ന് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. ഇതിന് തക്കതായ തിരിച്ചടി ഉണ്ടാകും എന്നാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് പൗരന്മാരോട് ഇറാഖ് വിടാന്‍ അമേരിക്ക നിര്‍ദേശിച്ചത്. ഇറാഖിലെയും മേഖലയിലെയും സംഘര്‍‌ഷാവസ്ഥ പരിഗണിച്ച് ഉടന്‍ ഇറാഖില്‍ നിന്നും പിന്‍വാങ്ങുവാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ഇറാഖിലെ അമേരിക്കന്‍ എംബസി പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നത്. വ്യോമ മാര്‍ഗം ഉപയോഗിച്ച് ഇറാഖില്‍ നിന്നും പുറത്ത് കടക്കാന്‍ പൗരന്മാരോട് പറയുന്ന യുഎസ് അതിന് സാധിച്ചില്ലെങ്കില്‍‌ കരമാര്‍ഗം സുരക്ഷിതമായ അയല്‍ രാജ്യത്ത് എത്താനും നിര്‍ദേശിക്കുന്നു. 

അതേ സമയം ബാഗ്ദാദില്‍ കാസിം സൊലേമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ എങ്ങനെ അമേരിക്ക നടത്തിയെന്നതിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇറാഖിലെ പ്രദേശിക മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഇപ്പോള്‍ ഇവര്‍ പങ്കുവയ്ക്കുന്നത്. സംഭവം നടന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് ആയിരുന്നു. ബാഗ്ദാദ് വിമാനതാവളത്തിന്‍റെ കാര്‍ഗോ ഏരിയയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ പറക്കുവനാണ് കാസ്സിം  സൊലേമാനിയും സംഘവും എത്തിയത്. 

രണ്ട് കാറിലായിരുന്നു ഈ സംഘം. ഇറാഖിലെ ഇറാന്‍ അനുകൂല സൈനിക വിഭാഗം പിഎംഎഫ് നേതൃനിരയിലുള്ള അബു മഹ്ദി അല്‍ മുഹന്ദിസുമായുള്ള കൂടികാഴ്ചയായിരുന്നു ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ് തലവന്‍റെ ഇറാഖിലെ പ്രധാന അജണ്ട. ഇത് പൂര്‍ത്തിയാക്കിയാണ് പിഎംഎഫ് പിആര്‍ മേധാവി മുഹമ്മദ് റിദ്ധയ്ക്കൊപ്പം കാസ്സിം  സൊലേമാനി വിമാനതാവളത്തില്‍ എത്തിയത്.

എന്നാല്‍ കാറുകള്‍ കാര്‍ഗോ എരിയയില്‍ പ്രവേശിച്ചയുടന്‍ കാറിനെ ആകാശ നീരിക്ഷണം നടത്തിയിരുന്ന അമേരിക്കയുടെ  എം.ക്യൂ 9 റീപ്പര്‍ ഡ്രോണുകള്‍ മിസൈലുകള്‍ തൊടുത്തു. നാല് മിസൈലുകളുടെ പ്രഹരശേഷിയില്‍ ഇറാനിയന്‍ സൈനിക വിഭാഗത്തിന്‍റെ തലന്‍ അടക്കം സഞ്ചരിച്ച കാറുകള്‍ കത്തി അമര്‍ന്നു. കാസ്സിം  സൊലേമാനിയും, മുഹന്ദിസും, ജബ്രിയും അടക്കം സംഘത്തിലെ ഒരാള്‍ പോലും ബാക്കിയായില്ല.

ആദ്യഘട്ടത്തില്‍ ഈ ആക്രമണം ഇറാഖ് അധികൃതരെയും അത്ഭുതപ്പെടുത്തി. ബാഗ്ദാദിലെ ഒരു പ്രധാനപ്പെട്ട കേന്ദ്രത്തിലെ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം അവരെ ഉലച്ചെങ്കിലും ലക്ഷ്യവച്ചത് ആരെയാണ് എന്ന് തിരിച്ചറിയാന്‍ കുറച്ച് ബുദ്ധിമുട്ടി. കത്തികരിഞ്ഞും, ചിന്നിചിതറിയുമായിരുന്നു മൃതദേഹങ്ങള്‍ എല്ലാം. കാസ്സിം  സൊലേമാനിയാണ് കാറില്‍ എന്ന് സ്ഥിരീകരിച്ചെങ്കിലും മൃതദേഹം അദ്ദേഹത്തിന്‍റെയാണോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ വൈകി. ഒടുവില്‍ കൈയിൽ ധരിച്ചിരുന്ന മോതിരമാണ് സുലൈമാനിയെ തിരിച്ചറിയാൻ ബാഗ്ദാദ് പൊലീസിനെ സഹായിച്ചത്. ഫോട്ടോകളിൽ സൊലേമാനി വലിയൊരു മോതിരം ധരിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഒരു കൈപ്പത്തിയിൽ മോതിരം കണ്ടെത്തി. പിന്നീട് പിഎംഎഫ് തങ്ങളുടെ ഉപമേധാവി അബു മഹ്ദി അല്‍ മുഹന്ദിസ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു, പക്ഷെ മൃതദേഹം തിരിച്ചറിയാന്‍ പറ്റിയില്ലെന്ന് വ്യക്തമാക്കി.

click me!