
ന്യൂയോർക്ക്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യ രാഷ്ട്ര സഭ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. യു എൻ രക്ഷ സമിതിയിലെ മറ്റ് 14 അംഗങ്ങളും പിന്തുണച്ച പ്രമേയം പാസ്സാകുന്നത് തടയാനാണ് അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ചത്. നിരുപാധികവും സമ്പൂർണവുമായ വെടിനിർത്തൽ അടിയന്തരമായി നടപ്പാക്കണമെന്ന നിർദേശം ഇസ്രായേലിനു നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിൽ ഗാസയിലെ സ്ഥിതി അത്യന്തം ദുരിതപൂർണമാണെന്നും പറയുന്നുണ്ട്. സന്നദ്ധ സംഘടനകൾക്ക് ആഹാരവും മരുന്നും തടസമില്ലാതെ വിതരണം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന നിർദേശവും പ്രമേയത്തിലുണ്ട്. ഇത് അഞ്ചാം തവണയാണ് ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക സമാന പ്രമേയം വീറ്റോ ചെയ്യുന്നത്.
അതേസമയം ഇന്നലെ പുറത്തുവന്ന മറ്റൊരു വാർത്ത സംഘർഷങ്ങളും വെടിവെപ്പും കാരണം വിവാദത്തിലായ ഗാസയിലെ പുതിയ സഹായ വിതരണ കേന്ദ്രവും തൽക്കാലത്തേക്ക് അടച്ചു എന്നതാണ്. യു എൻ ഏജൻസികളെ മറികടന്ന് ഇസ്രയേൽ - അമേരിക്കൻ സംയുക്ത സഹകരണത്തിൽ തുടങ്ങിയ കേന്ദ്രമാണ് പൂട്ടിയത്. ഉണ്ടായിരുന്ന ഏക കേന്ദ്രവും പൂട്ടിയതോടെ ഉപരോധത്തിൽ വലയുന്ന ഗാസയിൽ സ്ഥിതിഗതികൾ വഷളാക്കും. മാനുഷിക സഹായം ഹമാസ് തട്ടിയെടുക്കാതിരിക്കാൻ എന്നുകാട്ടി യു എൻ ഏജൻസികളെ മറികടന്നു തുടങ്ങിയ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രം തുടങ്ങിയത് മുതൽ ഇതുവരെ ശരിയായി പ്രവർത്തിച്ചിട്ടില്ല. വിവാദങ്ങൾക്കിടെ തുറന്ന ഈ സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണ സാമഗ്രികൾ തികയാതെ ജനം കേന്ദ്രത്തിലേക്ക് ഇരച്ചു കയറുകയും വെടിവെപ്പുണ്ടാവുകയും ചെയ്തിരുന്നു. നിരവധി പേർ കൊല്ലപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 27 പേരാണ് മരിച്ചത്. ഹമാസും ഇസ്രയേലും ഇക്കാര്യത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സൈനിക നടപടികൾ നടക്കുന്ന മേഖലയെന്ന് കാട്ടിയാണ് തൽക്കാലത്തേക്കുള്ള അടയ്ക്കാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണികൾ തീർത്ത് വൈകാതെ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലേക്ക് യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. മാസങ്ങളായി തുടരുന്ന ഉപരോധത്തിന് പിന്നാലെ ശേഷിച്ച ഏക സഹായ വിതരണ കേന്ദ്രവും പൂട്ടിയത് പ്രതിസന്ധി കൂട്ടുമെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam