
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷൻ എപിക് ഫ്യൂറി ഇറാന്റെ ആണവ, മിസൈൽ ശേഷി ഇല്ലാതാക്കാനുള്ള നടപടിയെന്ന് അമേരിക്ക ഐക്യരാഷ്ട്ര സംഘടനയിൽ. മേഖലയിൽ ഭീകര സംഘടനകളുമായി ചേർന്ന് ഇറാൻ പതിറ്റാണ്ടുകളായി അഴിച്ചു വിടുന്ന അക്രമം ഒരു ഉത്തരവാദിത്തപ്പെട്ട രാജ്യത്തിനും അവഗണിക്കാൻ കഴിയില്ലെന്ന് യുഎസ് ഐക്യ രാഷ്ട്ര സഭയിൽ ചൂണ്ടിക്കാട്ടി. ഇറാന്റെ ആണവശേഷി ഇല്ലാതാക്കുന്നത് ആഗോള സുരക്ഷക്ക് അനിവാര്യം. സൈനിക നടപടി നിയമാനുസൃതമെന്നും യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് ചൂണ്ടിക്കാട്ടി.
എന്നാൽ മനുഷ്യരാശിക്കെതിരെയുള്ള ആക്രമണമെന്നാണ് ഇറാൻ ഐക്യരാഷ്ട്ര സഭയിൽ ആക്രമണത്തെ വിശേഷിപ്പിച്ചത്. ജനവാസമേഖലയെ ലക്ഷ്യം വെച്ച നിയമ ലംഘനം കുട്ടികളടക്കം 100 ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടു. യുദ്ധകുറ്റമാണ്. ഉത്തരവാദി അമേരിക്കയും ഇസ്രയേലുമാണ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും തുടരുന്നത് ദുഷ്പ്രചരണമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടി.
ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യ വ്യക്തമാക്കി. ഇറാനെ പൂർണമായും പിന്തുണച്ച റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് കാപട്യമാണന്നും അമേരിക്കയും ഇസ്രയേലും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നയതന്ത്ര ചർച്ചകളുടെ മറപിടിച്ചാണ് ഇസ്രയേലും അമേരിക്കയും ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യ ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നത് വഞ്ചനാപരമായ നിലപാടാണെന്നും റഷ്യ കുറ്റപ്പെടുത്തി. യുദ്ധം ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ മോസ്കോ ആവശ്യപ്പെട്ടു. ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam