എട്ടുദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ, 100 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം; ഒടുവിൽ 43-കാരൻ തിരികെ ജീവിതത്തിലേക്ക്; വെനസ്വേലയിലെ 'അത്ഭുതം'

Published : Jul 03, 2026, 11:52 AM IST
venezuela earthquake miracle gil flores rescue

Synopsis

43-കാരനായ ഹെർനൻ ആൽബർട്ടോ ​ഗിൽ ഫ്ളോറസിനെയാണ് വിവിധരാജ്യങ്ങളിലെ രക്ഷാപ്രവർത്തകർ സംയുക്തമായി പങ്കെടുത്ത ദൗത്യത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. 

കാരക്കാസ്: 140 ടണ്ണോളം ഭാരമുള്ള കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എട്ടുദിവസം, ഒടുവിൽ നൂറുമണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തിരികെ ജീവിതത്തിലേക്ക്. ഇരട്ടഭൂകമ്പം വൻ നാശംവിതച്ച വെനസ്വേലയിലാണ് അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ എട്ടുദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടന്നയാളെ രക്ഷിച്ചത്.

43-കാരനായ ഹെർനൻ ആൽബർട്ടോ ​ഗിൽ ഫ്ളോറസിനെയാണ് വിവിധരാജ്യങ്ങളിലെ രക്ഷാപ്രവർത്തകർ സംയുക്തമായി പങ്കെടുത്ത ദൗത്യത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഷോപ്പിങ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ ​ഗിൽ ഫ്ളോറസ് ഭൂകമ്പത്തിന് പിന്നാലെ ഷോപ്പിങ് സെന്ററിലെ ബേസ്മെന്റിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.

ഭൂകമ്പമുണ്ടായപ്പോൾ ബേസ്മെന്റിലെ സെക്യൂരിറ്റി ക്യാബിനിലായിരുന്നു ​ഗിൽ ഫ്ളോറസ്. ചുറ്റുമുള്ള കോൺക്രീറ്റ് ഭാ​ഗങ്ങളെല്ലാം തകർന്നപ്പോഴും ചെറിയ സെക്യൂരിറ്റി ക്യാബിന് കേടുപാടൊന്നും സംഭവിച്ചില്ല. ഇതാണ് ഫ്ളോറസിന് രക്ഷയായത്. എന്നാൽ സെക്യൂരിറ്റ് ക്യാബിന് ചുറ്റും കോൺക്രീറ്റ് അവശിഷ്ടങ്ങൾ നിറഞ്ഞതോടെ പുറത്തുകടക്കാനും കഴിഞ്ഞില്ല.

 

 

മുകളിലും ചുറ്റും തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾ ഉണ്ടായിരുന്നതിനാൽ ഫ്ളോറസിന് പുറത്തേക്ക് വരാനായില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ​ഗിൽ ഫ്ളോറസ് ജീവനോടെയുണ്ടെന്ന് കണ്ടെത്തിയതോടെ എങ്ങനെയെങ്കിലും അദ്ദേഹത്തെ ജീവനോടെ പുറത്തെത്തിക്കാനായിരുന്നു രക്ഷാപ്രവർത്തകരുടെ ശ്രമം. ഭീമൻ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങികിടക്കുന്ന ​ഗിൽ ഫ്ളോറസിന് ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുക എന്നതായിരുന്നു ആദ്യത്തെ ദൗത്യം. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലൂടെ ചെറിയ പൈപ്പ് വഴി ഭക്ഷണവും വെള്ളവും നൽകി. ടെലിസ്കോപിക് ക്യാമറ വഴി രക്ഷാപ്രവർത്തകർ ​ഗിൽ ഫ്ളോറസുമായി നിരന്തരം ആശയവിനിമയം നടത്തി അദ്ദേഹത്തിന് ആത്മവിശ്വാസം നൽകി. അതേസമയം, ആദ്യം രക്ഷാപ്രവർത്തകരുമായി സംസാരിച്ചപ്പോൾ മരിച്ചുപോകുമെന്ന് ഭയന്ന ​ഗിൽ ഫ്ളോറസ്, താൻ ജീവനോടെയുണ്ടെന്ന വിവരം ഒരിക്കലും ഭാര്യയെ അറിയിക്കരുതെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

നൂറുമണിക്കൂറിലേറെ നീണ്ടുനിന്ന രക്ഷാദൗത്യത്തിനൊടുവിലാണ് ​ഗിൽ ഫ്ളോറസിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുക്കാനായത്. ഉടൻതന്നെ ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വെനസ്വേലൻ അധികൃതർക്കൊപ്പം ചിലിയിൽനിന്നുള്ള ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും യുഎസ്, പോർച്ചു​ഗൽ, മെക്സിക്കോ, കോസ്റ്റാറിക്ക, എൽ സാൽവദോർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരുമാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ദൗത്യം വിജയിച്ചതോടെ സ്ഥലത്ത് വൻ കരഘോഷം മുഴങ്ങി. ദൗത്യസംഘത്തിലെ അം​ഗങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചും തങ്ങളുടെ രാജ്യങ്ങളുടെ പതാകകൾ വീശിയും സന്തോഷം പങ്കുവെച്ചു.

 

 

വെനസ്വേലയെ പിടിച്ചുലച്ച ഇരട്ടഭൂകമ്പത്തിൽ ഇതുവരെ 2595 പേരാണ് മരിച്ചത്. പതിനായിരക്കണക്കിന് പേരെ ഇപ്പോഴും കാണാനില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെഹ്റാനിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളുടെ നടുവിലൂടെ ആയത്തൊള്ള അലി ഖമനെയിയുടെ ഭൗതികശരീരം എത്തിച്ചു; വിലാപ ചടങ്ങുകൾക്ക് തുടക്കം
600 കോടി ഡോളർ ഉടൻ വിട്ടുകിട്ടണം, ഹോർമൂസിലും ഇടപെടരുതെന്ന് യുഎസിനോട് ഇറാൻ; പാകിസ്ഥാന്‍റെ മധ്യസ്ഥ ചർച്ചയിൽ പുരോഗതി