
റിയാദ്: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
'എൻസെലിയ' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ചെങ്കടൽ പാതയിലെ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് സൗദി അറേബ്യ സംഭവം സ്ഥിരീകരിച്ചത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും സമുദ്ര പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ അടിയന്തര മുൻകരുതലുകൾ സ്വീകരിച്ചതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം നടന്നു. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്‌സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാൽ, പകരം ഇറാന്‍റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇറാന്റെ നയം 'കണ്ണിന് കണ്ണ്' എന്നതാണെന്നും അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ പന്ത്രണ്ടാം റൗണ്ട് ആക്രമണത്തിൽ തെക്കൻ ഇറാനിൽ ഇറാഖ് അതിർത്തിയായ ശലാംഷേയിൽ ഉഗ്ര സ്ഫോടനമാണ് ഉണ്ടായത്. ഇറാൻ - ഇറാഖ് അതിർത്തിയിൽ രണ്ട് പേര് മരിച്ചെന്നും 11 പേർക്ക് പരിക്കേറ്റതായുമാണ് ഇറാൻ വിശദമാക്കിയിട്ടുള്ളത്. ഹോർമുസിൽ മൂന്ന് കപ്പലുകൾ മുന്നറിയിപ്പ് മറികടന്ന് പോകാൻ ശ്രമിച്ചെന്നാണ് ഇറാൻ വിശദമാക്കുന്നത്. ഒരു കപ്പലിൽ സ്ഫോടനം ഉണ്ടായെന്നും, ബാക്കി ഉള്ളവർ പിൻവാങ്ങി എന്നും ഇറാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam