വിവാദങ്ങളെ കൂസാതെ ഒരുമിച്ചാഘോഷിച്ച് ലളിത് മോദിയും വിജയ് മല്യയും; ലണ്ടനിൽ ഒന്നിച്ച് പാട്ടുപാടി, വീഡിയോ വൈറൽ

Published : Jul 04, 2025, 11:36 AM IST
Vijay Mallya lalit modi

Synopsis

ലണ്ടനിലെ ലളിത് മോദിയുടെ വസതിയിൽ നടന്ന വാർഷിക സമ്മർ പാർട്ടിയിൽ വിജയ് മല്യയും പങ്കെടുത്തു. 

ലണ്ടൻ: "ആൻഡ് നൗ, ദി എൻഡ് ഈസ് നിയർ, ആൻഡ് സോ ഐ ഫേസ് ദി ഫൈനൽ കർട്ടൻ" - ഫ്രാങ്ക് സിനാത്രയുടെ ഈ പ്രശസ്ത ഗാനം ഒരുമിച്ച് പാടി ലണ്ടനിലെ ലളിത് മോദിയും വിജയ് മല്യയും. ഒരു ആഡംബര പാർട്ടിയിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ലണ്ടനിലെ ലളിത് മോദിയുടെ വസതിയിൽ നടന്ന വാർഷിക സമ്മർ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തന്റെ "വാർഷിക സമ്മർ പാർട്ടി" എന്ന് ലളിത് മോദി വിശേഷിപ്പിച്ച പരിപാടിയിൽ വെച്ച് ഇരുവരും ഫ്രാങ്ക് സിനാത്രയുടെ "മൈ വേ" എന്ന ഗാനം ആലപിക്കുന്ന വീഡിയോ ക്ലിപ്പ് ലളിത് മോദി തന്നെയാണ് പങ്കുവെച്ചത്. മുൻ  ഐപിഎൽ കമ്മീഷണറും മുൻ മദ്യരാജാവും എയർലൈൻ വ്യവസായിയുമായ വിജയ് മല്യയും ചിരിച്ചും പാടിയും സെഷനിൽ പങ്കെടുക്കുന്നതാണ് വീഡിയോയിലുള്ളത്. 

310-ൽ അധികം പേര്‍ പങ്കെടുത്ത വിരുന്നിൽ വിവിധ രാജ്യങ്ങളിൽ നിന്ന് അതിഥികളും പങ്കെടുത്തു. മുൻ ആര്‍സിബി  താരം ക്രിസ് ഗെയ്‌ലും പാര്‍ട്ടിക്കെത്തിയവരിലുണ്ട്. ലളിത് മോദിക്കും വിജയ് മല്യക്കുമൊപ്പമുള്ള ചിത്രം ഗെയ്‌ൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. "വി ലിവിങ് ഇറ്റ് അപ്പ്. താങ്ക്സ് ഫോർ എ ലവ്‌ലി ഈവനിംഗ്," എന്ന് അടിക്കുറിപ്പോടെ ആയിരുന്നു ചിത്രം പങ്കുവച്ചത്. 

"310 സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം ഒരു മികച്ച രാത്രിയായിരുന്നു. ഈ പരിപാടിക്ക് വേണ്ടി മാത്രം നിരവധി പേർ ദൂരെ നിന്ന് എത്തി. ഈ സായാഹ്നത്തിൽ എത്തിയ എല്ലാവർക്കും നന്ദി... ഈ വീഡിയോ ഇന്റര്‍നെറ്റിന് തീയിടില്ലെന്ന് കരുതുന്നു. തീർച്ചയായും വിവാദമാണ്. പക്ഷേ അതാണ് ഞാൻ ഏറ്റവും നന്നായി ചെയ്യുന്നത്" എന്നായിരുന്നു ലളിത് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്. കരോക്കെ ഒരുക്കിയ സംഗീതജ്ഞൻ കാൾട്ടൺ ബ്രാഗൻസയ്ക്കും, ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനും  ലളിത് മോദി നന്ദി രേഖപ്പെടുത്തി.

ഐ.പി.എൽ. സ്ഥാപക ചെയർമാനായ ലളിത് മോദി സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളെത്തുടർന്ന് 2010-ലാണ് ഇന്ത്യ വിട്ടത്. ഇഡി കള്ളപ്പണം വെളുപ്പിക്കൽ, ബിഡ് കൃത്രിമം, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട് ലംഘനങ്ങൾ തുടങ്ങിയ നിരവധി കേസുകളിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. യുകെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും,  ഇപ്പോഴും ബ്രിട്ടീഷ് പൗരനായി തുടരുകയാണ്. തനിക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് 60 വയസുകാരനായ ലളിത് മോദി ഏറെക്കാലമായി വാദിക്കുന്നത്.

യുണൈറ്റഡ് ബ്രൂവറീസിൻ്റെ മുൻ ചെയർമാനും കിംഗ്ഫിഷർ എയർലൈൻസിൻ്റെ പ്രൊമോട്ടറുമായ 68 വയസുകാരൻ വിജയ് മല്യ, വർദ്ധിച്ചുവരുന്ന കടബാധ്യതകളെയും തട്ടിപ്പ് ആരോപണങ്ങളെയും തുടർന്ന് 2016-ലാണ് ഇന്ത്യ വിട്ടത്. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് പ്രകാരം ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച, 2021-ലെ പാപ്പരത്ത ഉത്തരവിനെതിരെ മല്യ സമർപ്പിച്ച അപ്പീൽ യുകെ കോടതി തള്ളിയിരുന്നു. കഴിഞ്ഞ വർഷം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇന്ത്യൻ അധികാരികൾ 14,131 കോടി രൂപയുടെ ആസ്തികൾ പിടിച്ചെടുക്കുകയും തിരികെ നൽകുകയും ചെയ്തതായി മല്യ പറഞ്ഞു. ഈ തുക കിംഗ്ഫിഷർ എയർലൈൻസിൻ്റെ കടത്തേക്കാൾ കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. "താൻ ഇപ്പോഴും ഒരു സാമ്പത്തിക കുറ്റവാളിയാണ്. കടത്തിന്റെ ഇരട്ടിയിലധികം എങ്ങനെയാണ് അവർ കണ്ടുകെട്ടിയതെന്ന് ഇഡിക്കും ബാങ്കുകൾക്കും നിയമപരമായി ന്യായീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, എനിക്ക് ആശ്വാസത്തിന് അർഹതയുണ്ട്, അതിന് വേണ്ടി ഞാൻ നിലകൊള്ളും എന്നും മല്യ എക്സിൽ കുറിച്ചിരുന്നു.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം