വിളക്കുകാലുകളിൽ മൃതദേഹങ്ങൾ, തലയില്ലാത്ത ശരീരം; എൽ മെൻചോയുടെ കൊലപാതകം, മെക്സിക്കോയിൽ കലാപം അഴിച്ച് വിട്ട് ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടൽ

Published : Feb 25, 2026, 10:01 AM IST
El Mencho

Synopsis

വേരറുക്കാതെ തലമാത്രം വെട്ടിയാൽ അവസാനിക്കുന്നതല്ല മെക്സിക്കോയിലെ മയക്കുമരുന്ന് ലോകം എന്നാണ് വിലയിരുത്തൽ.  എൽ മെൻചോയുടെ ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന് മെക്സിക്കോയുടെ പകുതിയോളം പ്രദേശത്തെ ചുട്ടെരിക്കാനുള്ള കഴിവുണ്ടെന്നാണ് റിപ്പോർട്ട്.

മെക്സിക്കോ സിറ്റി: അധോലോക തലവൻ നെമെസിയോ റൂബൻ ഒസേഗുര സെർവാന്റസിന്‍റെ (എൽ മെൻചോ) കൊലപാതകത്തിന് പിന്നാലെ മെക്സിക്കോയിൽ കലാപം. മയക്കുമരുന്ന് സംഘങ്ങൾ വാഹനങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുന്നത് തുടരുകയാണ്. ജയിലുകൾ തകർത്ത് രക്ഷപെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലഹരി സാമ്രാജ്യത്തിന് അന്ത്യം കുറിക്കാൻ ആരംഭിച്ച നടപടി വരാനിരിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പിന് ഭീഷണിയാകുമെന്നാണ് സൂചന. അധോലോക തലവൻ എൽ മെൻചോയുടെ കൊലപാതകം വലിയ അരക്ഷിതാവസ്ഥയാണ് മെക്സിക്കോയിൽ സൃഷ്ടിച്ചിരിക്കുന്നത്. മെക്സിക്കോയിലെ 20 സംസ്ഥാനങ്ങളിലും മയക്കുമരുന്ന് സംഘങ്ങളുടെ അക്രമം തുടരുകയാണ്.

കലാപത്തെ തുടർന്ന് മെക്സിക്കോയിലെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ജനം വീടുകളിൽ തന്നെ കഴിയണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 2500 ഓളം സൈനികരെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ട്. വിളക്കുകാലുകളിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹങ്ങളും, റോഡരികിൽ ശിരഛേദം ചെയ്യപ്പെട്ട ശരീരങ്ങളും മയക്കുമരുന്ന് മാഫിയയുടെ ക്രൂരതയുടെ ആഴം വിളിച്ചോതുന്നു. എതിരാളികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനും സ‍ർക്കാരുകളെ പ്രതിരോധത്തിലാക്കാനും മയക്കുമരുന്ന് സംഘങ്ങൾ എന്തും ചെയ്യും എന്ന നിലയിലാണ് സ്ഥിതിഗതികൾ. മെൻചോ കൊല്ലപ്പെട്ടെങ്കിലും ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടൽ ഇപ്പോഴും സജീവമാണ്. വേരറുക്കാതെ തലമാത്രം വെട്ടിയാൽ അവസാനിക്കുന്നതല്ല മെക്സിക്കോയിലെ മയക്കുമരുന്ന് ലോകം എന്നാണ് വിലയിരുത്തൽ.

നെമേസിയോ ഒസെഗ്വേര എന്ന എൽ മെൻചോയുടെ ഹലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന് മെക്സിക്കോയുടെ പകുതിയോളം പ്രദേശത്തെ ചുട്ടെരിക്കാനുള്ള കഴിവുണ്ടെന്നാണ് സൈന്യത്തിൻന്‍റെ റിപ്പോർട്ട്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാൻ പ്രസിഡന്‍റ് ട്രംപ് മെക്സിക്കോയ്ക്ക് മേൽ കടുത്ത സമ്മർദം ചെലുത്തിയിരുന്നു. പിന്നാവെ മെക്‌സിക്കന്‍, യുഎസ് ഇന്റലിജന്‍സ് സംയുക്തമായാണ് എല്‍ മെഞ്ചോയുടെ ഒളിത്താവളം കണ്ടെത്തിയതും കൊലപ്പെടുത്തിയതും. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഭീകരതയാണ് മെക്സിക്കോയുടെ തെരുവുകൾ ഇക്കാലം വരെ കണ്ടത്. അധോലോക തലവൻ എൽ മെൻചോയുടെ വധത്തിന് മുൻപും സൈനിക നടപടിയിൽ മയക്കുമരുന്ന് രാജാക്കൻമാർ കൊല്ലപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അതി ശക്തമായി ലഹരിക്കടത്ത് സംഘങ്ങൾ തിരിച്ചുവന്നിട്ടുമുണ്ട്. അതാണ് മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളുടെ ചരിത്രം. 

പ്രതികാരത്തിന്റെയും ആന്തരിക അധികാര പോരാട്ടങ്ങളുടെയും കഥകൾ എൽ മെൻചോയുടെ സംഘത്തിന് പുതുമയുള്ളതല്ല. ഒരു മെൻചോയെ ഇല്ലാതാക്കുമ്പോൾ മറ്റൊരു മെൻചോ ഹലിസ്‌കോയുടെ തലപ്പത്തേക്ക് വരും. മയക്കുമരുന്നിന്‍റെ ഒഴുക്ക് തുടരും. ക്രൂരതയും കുടില തന്ത്രങ്ങളും ഒരു പോലെ സമന്വയിപ്പിച്ച മയക്കുമരുന്ന് സംഘങ്ങൾ മെക്സിക്കൻ തെരുവുകൾ കയ്യടക്കുമ്പോൾ ആശങ്കയിലാകുന്നത് വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പ് കൂടിയാണ്. ജൂൺ-ജൂലൈ മാസങ്ങളിലായി മെക്സിക്കോയും അമേരിക്കയും കാനഡയും ചേർന്നാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്ക് മെക്സിക്കോ കൂടി വേദിയാകുമ്പോൾ ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരിക്കടത്ത് സംഘത്തിന്‍റെ തലവനെ നഷ്ടപ്പെട്ടത്തിന്‍റെ പ്രതികാരം എങ്ങനെയാകുമെന്നാണ് അമേരിക്കയും മെക്സിക്കൻ സ‍‍ർക്കാരും ആശങ്കപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോംബ് ഭീഷണി, ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു, പരിശോധന
വൻ കവ‍ർച്ച, പിന്നാലെ രൂക്ഷവിമർശനം, പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ രാജിവച്ചു