
മെറ്റ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ടിക്ക്‌ടോക്ക്‌പോലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നു. സ്ത്രീകകളുമായി സൗഹൃദത്തോടെ സംസാരിച്ചശേഷം, അതിന്റെ വീഡിയോകള്‍ സ്മാര്‍ട്ട് ഗ്ലാസിലൂടെ പകര്‍ത്തി പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. എങ്ങനെ സ്ത്രീകളെ വളക്കാം, എങ്ങനെ ഡേറ്റിംഗിലെത്തിക്കാം, എങ്ങനെ സംസാരിച്ചു തുടങ്ങാം തുടങ്ങിയ തലക്കെട്ടുകളോടെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. അശ്ലീല അടിക്കുറിപ്പുകളുള്ള ഈ പോസ്റ്റുകള്‍ അതിവേഗമാണ് വൈറലാവുന്നത്. ഇര അറിയാതെയാവും അവരുടെ വീഡിയോകള്‍ പ്രചരിപ്പിക്കപ്പെടുന്നത്.
2023 -ലാണ് സ്മാര്‍ട്ട് ഗ്ലാസുകള്‍ പ്രചാരത്തിലായത്. സണ്‍ഗ്ലാസ്, ക്ലിയര്‍ ഗ്ലാസ് എന്നീ രൂപങ്ങളിലെല്ലാം ഇത് ലഭ്യമാണ്. 2025 ഫെബ്രുവരിവരെ 20 ലക്ഷം സ്മാര്‍ട്ട് ഗ്ലാസുകള്‍ വിറ്റതായാണ് കണക്കുകള്‍. ഈ ഗ്ലാസുകള്‍ നമ്മുടെ നാട്ടിലും പ്രചാരത്തിലുണ്ട്.
ബിബിസിയാണ് സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ചുള്ള പുതിയ വൈറല്‍ കച്ചവടം പുറത്തുകൊണ്ടുവന്നത്. യുകെയില്‍ ഇതിനിരയായ പല സ്ത്രീകളുടെയും അനുഭവം ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലൊരാള്‍, ഡിലാര എന്ന യുവതിയാണ്. ലണ്ടനിലെ ഒരു കടയില്‍ സെയില്‍സ് ഗേള്‍. ഇടവേളയില്‍ ഒരാള്‍ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു, 'നിന്റെയീ ചുവന്ന മുടിയുടെ അര്‍ത്ഥമെന്താണെന്നോ...പ്രണയനൈരാശ്യം'. അവള്‍ ചിരിച്ചു. അയാളും. നിറസൗഹൃദത്തോടെ അയാള്‍ സംസാരം തുടര്‍ന്നു. അവള്‍ ലിഫ്റ്റില്‍ കയറുമ്പോള്‍ അയാളും കയറി. സംസാരം തുടര്‍ന്നു. അയാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു. അവള്‍ കൊടുത്തു. അയാള്‍ പോയി.
അവളറിഞ്ഞില്ല, ഒളിക്യാമറയുള്ള സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ച് അയാള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. പെണ്ണുങ്ങളെ എങ്ങനെ വളക്കാം എന്ന തലക്കെട്ടോടെ അയാളീ ദൃശ്യങ്ങള്‍ ടിക്‌ടോക്കിലിട്ടു. 13 ലക്ഷംപേര്‍ അതു കണ്ടു. വീഡിയോയില്‍ അവള്‍ ഫോണ്‍നമ്പര്‍ വ്യക്തമായിരുന്നു. ആളുകള്‍ വിളി തുടങ്ങി. ആറു മാസമായി വിളിയോട് വിളിയാണ്. നഗ്‌നത കാണാന്‍ കാശെത്ര എന്ന് ചോദിക്കുന്നവര്‍, കിടക്ക പങ്കിടാന്‍ വിളിക്കുന്നവര്‍.
ജീവിതം ദുരിതമായപ്പോള്‍ അവള്‍ ടിക്‌ടോക്കിന് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ലംഘിച്ചില്ലെന്നായിരുന്നു മറുപടി. എന്നാല്‍, ബിബിസി ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചപ്പോള്‍, ടിക്‌ടോക്ക് മലക്കംമറിഞ്ഞു. അവര്‍ വീഡിയോ നീക്കം ചെയ്തു. ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും അവര്‍ അറിയിച്ചു് ഇതുപോലെ, മെറ്റയോട് വിശദീകരണം ചോദിച്ചപ്പോള്‍, റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ചെറിയ ലൈറ്റ് കാണാനാവും എന്നായിരുന്നു മറുപടി. എന്നാല്‍, ഈ ലൈറ്റ് ഒളിപ്പിക്കാനാവുമെന്ന് ബിബിസി കണ്ടെത്തി. ലൈറ്റ് ശ്രദ്ധിക്കാത്ത വിധം റെക്കോര്‍ഡ് ചെയ്യാനും കഴിയും. റെക്കോര്‍ഡിംഗ് സമയത്ത് ലൈറ്റ് കണ്ടില്ല എന്നാണ് ബിബിസിയോട് സംസാരിച്ച ഇരകളും പറഞ്ഞത്.
ഇത് ഒരാളുടെ കഥയല്ല. നിരവധി സ്ത്രീകളാണ് ലോകമാകെ ഇങ്ങനെ കുടുങ്ങുന്നത്. ഏഴ് പേരെ ബിബിസി തന്നെ കണ്ടെത്തി. അവരില്‍ ഒരുവള്‍ ഇക്കാര്യമറിഞ്ഞത്, ‘മമ്മ വൈറലായല്ലോ’ എന്ന് മകന്‍ വിളിച്ചുപറഞ്ഞപ്പോഴാണ്. നിലവിലെ നിയമപ്രകാരം, ഇതില്‍ കാര്യമായൊന്നും ചെയ്യാന്‍കഴിയില്ല എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ടിക്‌ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളും ഒളിക്യാമറയുള്ള ഗ്ലാസ് വില്‍ക്കുന്ന മെറ്റയും ഇത്തരം അപകട സാധ്യതകള്‍ പരിഗണിക്കുന്നേയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam