
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തുകയാണ്. ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും ഗുണം ചെയ്യുന്ന പുടിന്‍റെ ഇന്ത്യ സന്ദർശനത്തെ രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്. അതേസമയം റഷ്യൻ പ്രസിഡന്‍റിന്‍റെ വരവിന് പഴുതടച്ച് സുരക്ഷയൊരുക്കിയിരിക്കുകയാണ് രാജ്യ തലസ്ഥാനത്ത്. ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ് പുടിനൊപ്പം ഇന്ത്യയിലെത്തുന്ന അദ്ദേഹത്തിന്‍റെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഓറസ് സെനറ്റ് എന്ന ആഡംബര കാർ.
യുദ്ധകാലത്തെ പുടിന്റെ ഇന്ത്യൻ സന്ദർശനം സ്വാഭാവികമായും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവും. അതിനോടൊപ്പം ഇന്ത്യയിലെത്തുന്ന പുടിൻ സഞ്ചരിക്കുന്നത് റഷ്യയിൽ നിന്നും വിമാനത്തിൽ ഇന്ത്യയിലെത്തിക്കുന്ന ലിമോസിൻ കാറിലാണ് എന്നതും ശ്രദ്ധേയമാകുകയാണ്. ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ തന്‍റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് അഥവാ ലിമോസിൻ കാറിലായിരിക്കും. ട്രംപിന്റെ ഔദ്യോഗിക വാഹനം ബീസ്റ്റിനൊപ്പം തലപ്പൊക്കം ഉള്ളതാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുടിന്‍റെ ആഡംബരകാർ. റോൾസ് റോയിസ് ഫാന്റവുമായി സാമ്യമുള്ള ഈ വാഹനത്തിന് പരമാവധി വേഗത മണിക്കൂറിൽ 250 കിമീ ആണ്. റഷ്യ സ്വന്തമായി വികസിപ്പിച്ച പ്രസിഡൻഷ്യൽ കാർ വേണമെന്ന് പുടിൻ നിർദ്ദേശിച്ചതിനെത്തുടർന്ന് 2013 ൽ ആരംഭിച്ച റഷ്യയുടെ കോർട്ടേജ് പ്രോജക്റ്റിന്റെ കീഴിൽ വികസിപ്പിച്ചെടുത്ത ഒരു കവചിത ആഡംബര ലിമോസിൻ ആണ് ഓറസ് സെനറ്റ്.
വെടിയുണ്ടകൾ, ഗ്രനേഡുകൾ, കനത്ത സ്ഫോടനങ്ങൾ എന്നിവയെ പോലും നേരിടാൻ കഴിയുന്ന തരത്തിൽ ഇതിന്റെ ബോഡി വളരെ ശക്തമായ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ളതാണ്. ദൃഢതയേറിയ ഗ്ലാസുകൾ, പഞ്ചറായാലും നിശ്ചിത ദൂരം സഞ്ചാരിക്കാം, വാഹനത്തിനുള്ളിൽ ഓക്സിജൻ സപ്ലൈ, മസാജ് സംവിധാനം, ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം, അടിയന്തര ആശയവിനിമയ സംവിധാനം ഉൾപ്പെടെ വിവിധ തരത്തിൽ ക്രമീകരിക്കാനാവുന്ന സീറ്റുകൾ എന്നീ സംവിധാനങ്ങൾക്കപ്പുറം ബോൾഡ് & ബ്യൂട്ടിഫുൾ ആണ് റഷ്യൻ സ്വർണമെന്നറിയപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആഡംബര കാർ. 6700 എംഎം നീളം വരുന്ന, 6.6 ലിറ്റർ വി12 എൻജിനിൽ 2.5 കോടി രൂപ വില വരുന്ന വാഹനം നിർമിച്ചിരിക്കുന്നത് റഷ്യൻ നിർമാതാക്കളായ ഓറസ് മോട്ടോഴ്സ് ആണ്. സുരക്ഷയിൽ ട്രംപിന്റെ ബീസ്റ്റിനോട് തോളോടു തോൾ ചേർന്നു നിൽക്കുന്ന റഷ്യൻ നിർമ്മിത വാഹനത്തിലാണ് ചൈനയിൽ നടന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിലേക്ക് പുടിനൊപ്പം മോദിയെത്തിയത്.
പുടിന്റെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ദില്ലിയിൽ പുടിന്റെ താമസം ഐടിസി മൗര്യ ഹോട്ടലിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിലാവും. ബിൽ ക്ലിന്റണും ബരാക് ഒബാമയുമടക്കം പ്രമുഖർ തമാസിച്ചിട്ടുള്ള അതേ സ്യൂട്ടിലാണ് പുടിനും താമസിക്കുക. പുടിന്റെ താമസ സമയത്ത് നിശ്ചിത നില പൂർണ്ണമായും അടച്ചിട്ടിരിക്കും. സ്വകാര്യതയ്ക്കും സുരകഷയ്ക്കുമാകും മുൻഗണന.