
ദുബൈ: ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ അധികൃതർ. വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേൽ മന്ത്രി സ്‌മോട്റിച്ച് ആരോപിച്ചു. പിന്നിൽ ആരാണെന്നും ഉദ്ദേശവും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പൈലറ്റുമാർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം വിമാനം വഴിതിരിച്ചുവിട്ടതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. പൈലറ്റുമാരുടെ ഏറ്റുമുട്ടലിന് പിന്നാലെ ഹൈജാക്കിങ് എമർജൻസി കോഡാണ് കൺട്രോൾ റൂമിൽ ലഭിച്ചത്. 180 ഓളം യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനു പിന്നാലെ സഹപൈലറ്റ് പൈലറ്റിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒമാൻ സ്വദേശിയാണ് സഹപൈലറ്റെന്ന് സൂചനയുണ്ട്. പരിക്കേറ്റ പൈലറ്റിനെയും സഹപൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് FZ1073 കൊമേഴ്‌സ്യൽ വിമാനത്തിലായിരുന്നു സംഭവം. വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് കരുതി. എന്നാൽ സംഭവത്തിന് കാരണം വിമാനത്തിലെ പൈലറ്റുമാർ തമ്മിലുള്ള വഴക്കാണെന്ന് പിന്നീട് വ്യക്തമായി. പൈലറ്റുമാരിൽ ഒരാൾ യുഎഇ സ്വദേശിയാണെന്നും സഹപൈലറ്റ് ഒമാനിയാണെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ ഇപ്പോൾ എൻഡിടിവിയോട് പറഞ്ഞു. ഒമാനി സഹപൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
വിമാനം സൗദി അറേബ്യയിലെ ഒരു സിവിലിയൻ, സൈനിക താവളമായ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. പറന്നുയർന്ന് ഏകദേശം 2.5 മണിക്കൂർ കഴിഞ്ഞാണ് സംഭവം നടന്നതെന്ന് ഫ്ലൈറ്റ് റഡാർ പറയുന്നു. എന്നാൽ സംഭവം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പൈലറ്റുമാർ തമ്മിലുള്ള തർക്കത്തിന് പിന്നാലെ വിമാനത്തിന്റെ മുൻവശത്തേക്ക് യാത്രക്കാരുടെ നിലവിളി കേട്ടതായും സൗദി അറേബ്യയിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനം കുത്തനെ താഴ്ന്നതായും വിമാനത്തിലെ യാത്രക്കാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam