മലേഷ്യ വളരെ ചെറിയ രാജ്യം, ഇന്ത്യയുമായി വ്യാപാര യുദ്ധത്തിനില്ല: പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്

By Web TeamFirst Published Jan 20, 2020, 4:50 PM IST
Highlights

കഴി‍ഞ്ഞ അഞ്ച് വര്‍ഷമായി മലേഷ്യയുടെ ഏറ്റവും വലിയ പാംഓയില്‍ വിപണിയാണ് ഇന്ത്യ. പാം ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയതിനെ തുടര്‍ന്ന് മലേഷ്യ പ്രതിസന്ധിയിലായി.

ലാങ്‍കാവി(മലേഷ്യ): മലേഷ്യ ചെറിയ രാജ്യമാണെന്നും ഇന്ത്യക്കെതിരെ വ്യാപാര യുദ്ധത്തിനില്ലെന്നും പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ഇന്ത്യ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിനെ മഹാതിര്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഞങ്ങള്‍ ചെറിയ രാജ്യമാണ്. ഇന്ത്യയോട് വ്യാപാര പ്രതികാര നടപടികള്‍ക്കില്ല. ഇന്ത്യ ഇറക്കുമതി നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ മറികടക്കാന്‍ മറ്റ് വഴികള്‍ നോക്കുമെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞു.

കഴി‍ഞ്ഞ അഞ്ച് വര്‍ഷമായി മലേഷ്യയുടെ ഏറ്റവും വലിയ പാംഓയില്‍ വിപണിയാണ് ഇന്ത്യ. പാം ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയതിനെ തുടര്‍ന്ന് മലേഷ്യ പ്രതിസന്ധിയിലായി. പാം ഓയില്‍ വില്‍പന കഴിഞ്ഞ ആഴ്ച 10 ശതമാനം ഇടിഞ്ഞു. 11 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ കയറ്റുമതിയാണ് ഉണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 

വിവാദ ഇസ്ലാമിക പ്രാസംഗികന്‍ സാക്കിര്‍ നായിക്കിന് അഭയം കൊടുത്തതിലും ഇന്ത്യക്ക് അതൃപ്തിയുണ്ടായിരുന്നു. സാക്കിര്‍ നായിക്കിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തിയാല്‍ അദ്ദേഹത്തെ അങ്ങോട്ടേക്ക് അയക്കുമെന്നാണ് മലേഷ്യയുടെ തീരുമാനം. സാക്കിര്‍ നായിക്കിന് ഇന്ത്യ നീതിപൂര്‍വമായ വിചാരണ വാഗ്ദാനം ചെയ്താല്‍ പോലും അദ്ദേഹം ഭീഷണി നേരിടേണ്ടി വരുമെന്നും കൂടുതല്‍ സുരക്ഷിതമായ മറ്റൊരു മൂന്നാം ലോക രാജ്യത്തേക്ക് മാത്രമേ സാക്കിര്‍ നായിക്കിനെ പുനരധിവസിപ്പിക്കൂവെന്നും മലേഷ്യ വ്യക്തമാക്കിയിരുന്നു. ഈ അസ്വാരസ്യം നിലനില്‍ക്കെയാണ് പൗരത്വ നിയമ ഭേദഗതിയിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രംഗത്തെത്തിയത്. 

click me!