ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ, കപ്പലുകൾക്ക് പൂർണ നിരോധനം

Published : Jun 11, 2026, 06:30 AM IST
Strait of Hormuz

Synopsis

ഒന്നിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ച് ഇറാൻ. കപ്പലുകൾക്ക് പൂർണ നിരോധനം. 

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം. ഒന്നിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.

ഇറാനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുന്നു

ഇറാന്റെ അനാവശ്യവും തുടർച്ചയായതുമായ ആക്രമണത്തിന്റെ ഫലമായാണ് ഇന്നത്തെ ആക്രമണങ്ങളെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്. ഇറാനിലെ ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ തങ്ങളുടെ സേന കൂടുതൽ സ്വയം പ്രതിരോധ ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹോർമുസ് കടലിടുക്ക് പൂര്‍ണമായി അടച്ചു

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയിട്ടുണ്ടെന്നും അതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യം വയ്ക്കുമെന്നും ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാൻഡ് പറയുന്നു. ഏപ്രിൽ മാസത്തെ വെടിനിർത്തൽ കരാർ അമേരിക്ക ആവർത്തിച്ച് ലംഘിച്ചുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു. ഈ നിമിഷം മുതൽ, മേഖലയിലെ അരക്ഷിതാവസ്ഥ കാരണം, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നു എന്നാണ് അറിയിപ്പ്. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കപ്പെടും. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നിപാ വൈറസ് ബാധിതന് വിപുലമായ സമ്പർക്കമുണ്ടായി, ബന്ധപ്പെട്ടവരോട് ക്വാറന്റീൻ നിർദേശിച്ചു'; ആശങ്ക വേണ്ടെന്ന് മന്ത്രി
'ഈ ചെയ്തത് അംഗീകരിക്കില്ല'; അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ, കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്