മലമടക്കുകൾക്കിടയിൽ ഇറാൻ ഒളിപ്പിച്ചുവച്ച ഫോർദോ; ഇസ്രയേൽ ഇത്രയേറെ പേടിക്കുന്നതെന്തുകൊണ്ട്?

Published : Jun 21, 2025, 10:22 AM ISTUpdated : Jun 21, 2025, 10:30 AM IST
Fordow nuclear facility

Synopsis

ടെഹ്റാനിൽ നിന്ന് 95 കിലോമീറ്റർ അകലെ ക്വോം എന്ന പ്രദേശത്തെ പർവത നിരയിലാണ് ഈ ആണവനിലയം. ഈ ഭൂഗർഭ അറയിൽ നടക്കുന്നതിനെക്കുറിച്ച് ഇസ്രയേലിനോ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കോ ​​കൃത്യമായ വിവരമില്ല.

ടെഹ്റാൻ: ഇറാനെതിരെ ആയുധമെടുത്തതിന് ഇസ്രയേൽ പറഞ്ഞ മുഖ്യ കാരണം ആണവ ഭീഷണിയാണ്. ഏറ്റവും പ്രധാനമായി ഇറാന്‍റെ ഫോർദോ ആണവ നിലയത്തിലേക്കാണ് ഇസ്രയേൽ വിരൽ ചൂണ്ടുന്നത്. എവിടെയാണ് ഫോർദോ ആണവ നിലയം? എന്താണ് അവിടെ നടക്കുന്നത്? എന്തുകൊണ്ടാണ് ഈ ആണവ നിലയത്തെ ഇസ്രയേൽ ഇത്രയേറെ പേടിക്കുന്നത് എന്നിവ അറിയാം.

ഇസ്രയേലിനെ പേടിപ്പിക്കുന്ന, അമേരിക്കയെ ആശങ്കയിലാഴ്ത്തുന്ന, മലമടക്കുകൾക്കിടയിൽ ഇറാൻ ഒളിപ്പിച്ചുവച്ച ഫോർദോ ആണവ കേന്ദ്രം. ടെഹ്റാനിൽ നിന്ന് 95 കിലോമീറ്റർ അകലെ ക്വോം എന്ന പ്രദേശത്തെ പർവത നിരയിലാണ് ഈ ആണവനിലയം. ഏത് ആക്രമണത്തെയും ചെറുക്കാനാവുന്ന വിധമാണ് ഫോർദോയുടെ നിർമ്മിതി. മൂന്ന് മലമടക്കുകൾക്കിടയിലായി മൂന്ന് തുരങ്ക കവാടങ്ങൾ.

അതിൽ തന്നെ പ്രധാന കാവാടമേതെന്നതിൽ വ്യക്തതയില്ല. പ്രധാന കെട്ടിടം ഏതെന്ന് അറിയില്ല. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഏതാനും വിവരങ്ങൾ മാത്രമാണ് ഫോർദോയെപ്പറ്റി ലഭ്യമായുള്ളത്. ഭൗമോപരിതലത്തിൽ നിന്ന് 300 അടി താഴ്ചയിലാണ് ഫോർദോയിലെ പരീക്ഷണശാല. ഇവിടെയാണ് ഇറാൻ വൻ തോതിൽ യുറേനിയം സംഭരിച്ച്, സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ ആരോപിക്കുന്നു. കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കിൽ ഇവിടെ ഇറാൻ ആണവായുധം നിർമ്മിക്കുമായിരുന്നുവെന്ന് ഇസ്രയേൽ ലോകരാജ്യങ്ങളോട് പറയുന്നു.

2000ത്തിന്‍റെ തുടക്കത്തിൽ നിർമാണം തുടങ്ങി. 2010ന് മുൻപ് ആണവ കേന്ദ്രം പൂർത്തിയാക്കിയെന്നാണ് കിട്ടുന്ന വിവരം. 3000 സെന്‍റിഫ്യൂജ് വരെ ഉൾക്കൊള്ളാൻ ഫോർദോയ്ക്ക് ശേഷി ഉണ്ടെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയോട് ഇറാൻ തന്നെ അറിയിച്ചത്.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കോ ഇസ്രയേലിന്‍റെ മൊസാദിനോ പോലും ഇറാന്‍റെ ഈ ഭൂഗർഭ അറയിൽ നടക്കുന്നതെന്ത് എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇസ്രായേലിന്റെ ആയുധപ്പുരയിൽ ഫോർദോയെ തകർക്കാൻ പോന്ന ആയുധങ്ങളില്ല. അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബ് കൊണ്ട് മാത്രമേ ഫോർദോയെ തൊടാനാകൂ. അതുകൊണ്ട് തന്നെ ഇസ്രയേലിന്‍റെ പേടിസ്വപ്നമായി തുടരുകയാണ് ഫോർദോ.

PREV
Read more Articles on
click me!

Recommended Stories

സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
അന്ന് വിൽക്കാനിട്ടപ്പോൾ ആര്‍ക്കും വേണ്ട, എന്ത് ചെയ്യണമെന്നറിയാതെ പാകിസ്താൻ, കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്