
വാഷിങ്ടണ്‍: ഇന്നലെയാണ് അമേരിക്കയുടെ സ്വപ്ന പദ്ധതിയായ ഗോൾഡൻ ഡോം പ്രതിരോധ സംവിധാനത്തെക്കുറിച്ച് ഡോണൾഡ് ട്രംപ് വിശദീകരിച്ചത്. എന്താണ് ഗോൾഡൻ ഡോം? ഇസ്രയേലിന്റെ അയേണ്‍ ഡോമിനുമപ്പുറമാണോ അമേരിക്കയുടെ ഗോൾഡൻ ഡോം സംവിധാനത്തിന്റെ സുരക്ഷ ? ഇസ്രയേലിനു ചുറ്റും മാത്രം ഒരുക്കിയിട്ടുള്ള സംവിധാനമാണ് അയണ്‍ ഡോം. എന്നാൽ ഭൂമി മുഴുവൻ വ്യാപിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ത്രിതല പ്രതിരോധ ശൃംഖലയാണ് അമേരിക്കയുടെ ഗോൾഡൻ ഡോം.
ശത്രു മിസൈലുകൾ യുഎസിൽ പതിക്കുന്നതിനു മുൻപേ തകർക്കുകയാണ് ഗോൾഡൻ ഡോമിന്റെ പ്രധാന ലക്ഷ്യം. ഭൂഖണ്ഡാന്തര, ശബ്ദാതിവേഗ, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവക്കെതിരെ പ്രതിരോധം തീർക്കാൻ ഗോൾഡൻ ഡോമിനാകുമെന്നാണ് ട്രംപിന്റെ അവകാശ വാദം. ബഹിരാകാശത്തും കരയിലും സമുദ്രത്തിലുമായുള്ള ത്രിതല നിരീക്ഷണ സംവിധാനങ്ങളാണ് ഗോൾഡൻ ഡോമിനായി ഡിസൈൻ ചെയ്തിട്ടുള്ളത്. വിവിധ തരം പ്രതിരോധ മിസൈലുകൾ അടങ്ങിയ ശൃംഖലകളാണ് ഗോൾഡൻ ഡോമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഥാഡ്, പേട്രിയറ്റ് എന്നീ രണ്ട് പ്രധാന മിസൈലുകളാണ് ഗോൾഡൻ ഡോമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ശത്രു രാജ്യത്തിന്റെ ഹ്രസ്വ ദൂര, മധ്യ ദൂര മിസൈലുകൾ തകർക്കാൻ ശേഷിയുള്ള പ്രതിരോധ മിസൈലാണ് ഥാഡ്. എന്നാൽ നിലവിൽ ഇതിനായി ഉപയോഗിക്കുന്ന പേട്രിയറ്റും ഗോൾഡൻ ഡോമിലുണ്ടാകും. ഈ ത്രിതല സംവിധാനത്തിൽ ബഹിരാകാശത്ത് സ്ഥാപിക്കുന്നത് സ്പേസ് ബേസ്ഡ് ഇൻഫ്രാറെഡ് സിസ്റ്റമാണ്. ഗോൾഡൻ ഡോമിന്റെ ഏറ്റവും പുറത്തുള്ള സംവിധാനമാണിത്. ശത്രു മിസൈലുകളെപ്പറ്റി ഉപഗ്രഹങ്ങളിലൂടെ മനസിലാക്കി ഭൂമിയിൽ സ്ഥാപിച്ച റഡാറുകളുമായി ആശയം വിനിമയം നടത്തുകയാണ് ചെയ്യുക. കരയിൽ ഗ്രൗണ്ട് ബേസ്ഡ് മിഡ് കോഴ്സ് സംവിധാനം വഴിയാണ് ഗോൾഡൻ ഡോം പ്രതിരോധം തീർക്കുന്നത്. യു എസിന്റെ പടിഞ്ഞാറൻ തീരത്ത് ഒരുക്കുന്ന മിസൈൽ പ്രതിരോധമാണിത്. പാതി ദൂരത്ത് വച്ച് തന്നെ ശത്രു മിസൈലുകളെ തകർക്കാൻ ഈ സംവിധാനത്തിന് കഴിയും. കടലിൽ സ്ഥാപിക്കുക ഏജിസ് മിസൈലാണ്. യുദ്ധക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളും ഗോൾഡൻ ഡോമിന്റെ ഭാഗമാകും.
175 ബില്യൺ ഡോളറാണ് ഈ ത്രിതല മിസൈൽ പ്രതിരോധ സംവിധാനത്തിന് ചെലവ് വരുന്നത്. ഇന്ത്യൻ റുപ്പിയിൽ 14,975,843,925 കോടിയോളം വരും ഇത്. 2029 ൽ തന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ഈ സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ബഹിരാകാശത്ത് നിന്ന് തൊടുക്കുന്ന മിസൈലുകൾ വരെ ഈ സംവിധാനം തടുക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നു.
പുതിയ ബജറ്റിൽ 2500 കോടി ഡോളർ (2.1 ലക്ഷം കോടി രൂപ) പ്രാരംഭ തുകയായി ഗോൾഡൻ ഡോമിനായി നീക്കിവച്ചിട്ടുണ്ട്. സ്‌പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗ്യൂറ്റ്‌ലിൻ പദ്ധതിക്ക് മേൽനോട്ടം വഹിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിന്റെ മറുവശത്ത് നിന്നോ ഇനി ബഹിരാകാശത്ത് നിന്ന് തന്നെയോ തൊടുത്താലും മിസൈലുകൾ തടയാൻ ഗോൾഡൻ ഡോമിന് കഴിയുമെന്ന് ട്രംപ് ഉറപ്പിച്ചു പറയുന്നു.
അതിനിടെ, ഭാവിയിൽ അമേരിക്കയിൽ സ്ഥാപിക്കാനിരിക്കുന്ന ഗോൾഡൻ ഡോം മിസൈൽ പ്രതിരോധത്തിൽ പങ്കുചേരുന്നതിനെക്കുറിച്ച് തന്റെ സർക്കാർ യുഎസുമായി സംസാരിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡക്കും സംരക്ഷണം നൽകുന്ന നല്ല ആശയമാണ് ഇതെന്നും മാർക്ക് കാർണി പ്രതികരിച്ചു. ട്രംപുമായി ഇതിനെക്കുറിച്ച് ചർച്ചകൾ നടത്തിയതായി മാർക്ക് കാർണി സ്ഥിരീകരിച്ചു. മുതിർന്ന മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടന്നു വരികയാണ്. ഗോൾഡൻ ഡോമിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് കനേഡിയൻ സർക്കാർ ബന്ധപ്പെട്ടിരുന്നുവെന്ന് ട്രംപും പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam