എന്താണീ താലിബാൻ 2.0 സ്വീകരിക്കാൻ പോവുന്ന 'ഇറാൻ മോഡൽ' ഭരണം ?

By Web TeamFirst Published Sep 3, 2021, 5:06 PM IST
Highlights

അന്താരാഷ്ട്ര തലത്തിൽ ഒരു അംഗീകാരം നേടിയെടുക്കാൻ വേണ്ടിയുള്ള ഒത്തുതീർപ്പ് എന്ന നിലയ്ക്കാണ് ഈ ഇറാനിയൻ മോഡൽ സ്വീകരിക്കാൻ താലിബാൻ നേതൃത്വം തയ്യാറായിട്ടുള്ളത്

അഫ്ഗാനിസ്ഥാനിൽ നിന്നുണ്ടായിരിക്കുന്ന ഏറ്റവും പുതിയ അറിയിപ്പ്, ഇറാൻ മാതൃകയിൽ ഒരു ഗവൺമെന്റാണ് താലിബാൻ കാബൂൾ കേന്ദ്രീകരിച്ച് രൂപീകരിക്കാൻ പോവുന്നത് എന്നാണ്. സർക്കാരിനെ താലിബാന്റെ സ്ഥാപകരിൽ ഒരാളായ മുല്ല ബരാദർ നയിക്കും. ഹിബത്തുല്ല അകുൻസാദ ആയിരിക്കും സൈന്യത്തിനും സർക്കാരിനും മേൽ അധികാരമുള്ള ആത്മീയ നേതാവ്. മരണംവരെ ആഗോള ഭീകരവാദ പട്ടികയിൽ ഉണ്ടായിരുന്ന മുല്ല ഒമറിന്റെ, മകൻ മുഹമ്മദ് യാഖൂബിന് സർക്കാരിൽ സുപ്രധാനമായ ഒരു പദവി ലഭിക്കുകയും ചെയ്യും. 

എന്താണ് ഈ ഇറാൻ മോഡൽ? 

ഇറാനിലെ ഭരണമോഡൽ എന്നത്, മതമേധാവിത്വവും, പ്രസിഡൻഷ്യൽ ജനാധിപത്യവും സമരസപ്പെട്ടു കഴിയുന്ന ഒരു രാഷ്ട്രീയവ്യവസ്ഥയാണ്. ഇതൊരു ഇസ്ലാമിക രാജ്യമാണ്. അവിടെ പരമോന്നത നേതാവും, പ്രസിഡന്റും, മജ്ലിസ് എന്നറിയപ്പെടുന്ന പാർലമെന്റും, നീതിന്യായ വ്യവസ്ഥയും എല്ലാം അധികാരം പങ്കിടുന്ന ഒരു സംവിധാനമാണുള്ളത്. അതിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വം 1979 -ൽ എഴുതപ്പെട്ട ഭരണഘടനയും, ഒരു ദശാബ്ദത്തിപ്പുറം അതിനുണ്ടായ ഭേദഗതിയുമാണ്. സുപ്രീം ലീഡർ ആണ് രാജ്യത്തലവൻ. അദ്ദേഹത്തിന്റെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നിയന്ത്രണത്തിലാണ് രാജ്യത്തെ മറ്റെല്ലാം പ്രവർത്തിക്കുക. 

അഫ്ഗാനിസ്ഥാനിലും ഇറാനിലേതുപോലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ഒരു ഗവണ്മെന്റുണ്ടാകും. ഭരണത്തിന്റെ സാങ്കേതികത്വമെല്ലാം അവർക്ക് കൈകാര്യം ചെയ്യാം. എന്നാൽ, തന്ത്രപരമായ എല്ലാ തീരുമാനങ്ങളും വരുന്നത് ശൂറ എന്നറിയപ്പെടുന്ന മത കൗൺസിലിൽ നിന്നാവും. ആ ഉത്തരവുകൾ ധിക്കരിക്കാൻ ഒരാൾക്കും അവകാശമില്ല. രാജ്യത്ത് ഗവണ്മെന്റിനു റിപ്പോർട്ട് ചെയ്യുന്ന ഒരു പട്ടാളം ഉണ്ടാവും എങ്കിലും, ഇറാനിൽ റവല്യൂഷനറി ഗാർഡ്‌സ് എന്നപോലെ അഫ്ഗാനിസ്ഥാനിൽ താലിബാൻ സേന, മതവും പ്രത്യയശാസ്ത്രവും സംരക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമായിക്കണ്ടു നിറവേറ്റും.

അന്താരാഷ്ട്ര തലത്തിൽ ഒരു അംഗീകാരം നേടിയെടുക്കാൻ വേണ്ടിയുള്ള ഒത്തുതീർപ്പ് എന്ന നിലയ്ക്കാണ് ഈ ഇറാനിയൻ മോഡൽ സ്വീകരിക്കാൻ താലിബാൻ നേതൃത്വം തയ്യാറായിട്ടുള്ളത്. താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞു. അഫ്ഗാൻ പുനർനിർമാണത്തിന് സഹായിക്കുമെന്ന് ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്. 

click me!