കാലിഫോര്‍ണിയയിലെ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം; അപലപിച്ച് വൈറ്റ് ഹൗസ്

By Web TeamFirst Published Feb 2, 2021, 9:48 AM IST
Highlights

ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തില്‍ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സകി പറഞ്ഞു. 

വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മ ഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തില്‍ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സകി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കില്ല, ഇത് നാടിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.  ജനുവരി 28നാണ് സിറ്റി ഓഫ് ഡെവിസില്‍ 2016 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉപകാരമായി നല്‍കിയ ഗാന്ധി പ്രതിമ അജ്ഞാതനായ ഒരു വ്യക്തി ആക്രമിച്ച് തകര്‍ത്തത്. പ്രതിമ അക്രമി മറിച്ചിട്ടുവെന്നും ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 

സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ലോകത്തിന്‍റെ മുന്നിലെ സമാധാനത്തിന്‍റെയും അഹിംസയുടെയും ചിഹ്നമായ ഗാന്ധിയുടെ പ്രതിമയ്ക്കെതിരെ നടത്തിയ ആക്രമണം വിദ്വേഷമുളവാക്കുന്നതും, ജുഗുപ്‌തസാവഹമായ നടപടിയാണ് - ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാഷിംങ്ടണിലെ ഇന്ത്യന്‍ എംബസി സംഭവത്തിലെ കുറ്റക്കാരെ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  
 

click me!