ട്രംപിന്റെ വാർഷിക ആരോഗ്യ പരിശോധനാഫലം പുറത്ത്, 'പൂർണാരോഗ്യവാൻ'എന്ന് ഡോക്ടർമാർ

By Web TeamFirst Published Jun 4, 2020, 12:15 PM IST
Highlights

കൊവിഡ് പിടികൂടാതിരിക്കാൻ താൻ ഒരു കോഴ്സ് ഹൈഡ്രോക്സി ക്ളോറോക്വിൻ കഴിച്ചുകൊണ്ടിരിക്കുകയാണ് എന്ന ട്രംപിന്റെ അവകാശവാദത്തിന് ശേഷം നടന്നതാണ് ഈ ചെക്ക് അപ്പ്

244 റാത്തൽ ഭാരം, ആറടി മൂന്നിഞ്ച് ഉയരം, ബിപി 121/79 , മിനിറ്റിൽ 63 തവണ മിടിക്കുന്നൊരു ഹൃദയം - അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വാർഷിക ആരോഗ്യ പരിശോധനാഫലം പുറത്ത് വിട്ടുകൊണ്ട് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകിയ വിവരങ്ങൾ ഇത്രയുമാണ്. അമേരിക്കൻ പ്രസിഡന്റ് തികച്ചും ആരോഗ്യവാനാണ് എന്നാണ് ഈ ഹെൽത്ത് ചെക്കപ്പ് ഫലങ്ങളെ ഉദ്ധരിച്ചു കൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്എനാനി പറഞ്ഞത്. 

കൊവിഡ് പിടികൂടാതിരിക്കാൻ താൻ ഒരു കോഴ്സ് ഹൈഡ്രോക്സി ക്ളോറോക്വിൻ കഴിച്ചുകൊണ്ടിരിക്കുകയാണ് എന്ന ട്രംപിന്റെ അവകാശവാദത്തിന് ശേഷം നടന്നതാണ് ഈ ചെക്ക് അപ്പ് എന്ന നിലക്ക് അമേരിക്ക മുഴുവൻ ഇതിന്റെ ഫലത്തെ ഏറെ കുതൂഹലത്തോടെ ആണ് എതിരേറ്റത്. ഹൈഡ്രോക്സി ക്ളോറോക്വിൻ എന്ന മരുന്നിന് അറിഥ്മിയ എന്ന ഹൃദയത്തിനു താളഭംഗം ഉണ്ടാക്കുന്ന രോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്നു എന്ന പാർശ്വഫലമുണ്ട് എന്ന തരത്തിലുള്ള ലാൻസെറ്റിന്റെ അടക്കമുള്ള വന്ന സാഹചര്യത്തിൽ വിശേഷിച്ചും ഈ ഫലങ്ങൾക്ക് പ്രസക്തി ഏറെയായിരുന്നു. 

പ്രസിഡന്റ് ട്രംപിന്റെ ആദ്യത്തെ ആരോഗ്യപരിശോധനാഫലം പുറത്തുവന്നപ്പോൾ ട്രംപിന്റെ കൊളസ്‌ട്രോൾ ഒരല്പം കൂടുതലായിരുന്നു. അതിന്റെ മരുന്നും ട്രംപിന് അന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ആ മരുന്നുകൾ ഒരു വർഷത്തോളം കഴിച്ചതിന്റെ പേരിൽ കൊളസ്ട്രോളും നിയന്ത്രണത്തിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ ട്രംപിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച മയോ ക്ലിനിക്കിന്റെ അഭിപ്രായം.

click me!