
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന മുൻ കണക്കുകൂട്ടലുകളിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോളിൻ ലീവിറ്റ്. മെയ് പകുതിയോടെ നിശ്ചയിച്ചിട്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനത്തിന് മുൻപ് സംഘർഷം അവസാനിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. യുദ്ധം കാരണം മാറ്റിവെച്ച ട്രംപിന്‍റെ ചൈന സന്ദർശനം മെയ് 14, 15 തീയതികളിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് പ്രസിഡന്‍റ് ആഗ്രഹിക്കുന്നതെങ്കിലും കൃത്യമായ ഒരു തീയതി പ്രഖ്യാപിക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല.
അതേസമയം, ഇറാനിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നതിന് അമേരിക്കൻ കോൺഗ്രസിന്‍റെ ഔദ്യോഗിക അനുമതി തേടില്ലെന്ന് ലീവിറ്റ് പറഞ്ഞു. നിലവിൽ ഇറാനിൽ വൻതോതിലുള്ള സൈനിക നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കാനായി തയ്യാറെടുക്കുന്ന 82-ാം എയർബോൺ ഡിവിഷനിലെ ആയിരത്തോളം സൈനികരുടെ കാര്യത്തിൽ എല്ലാ ഓപ്ഷനുകളും പ്രസിഡന്‍റ് തുറന്നിട്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭരണകൂടം നിയമങ്ങൾ പാലിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്ന് വ്യക്തമാക്കിയെങ്കിലും കരസേനയെ ഇറക്കുന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ പ്രസ് സെക്രട്ടറി വിസമ്മതിച്ചു.
ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ പ്രസ്താവനയെയും വൈറ്റ് ഹൗസ് പ്രതിരോധിച്ചു. ഇറാന്‍റെ ഉന്നത നേതൃത്വം മുഴുവൻ കൊല്ലപ്പെട്ടുവെന്നും നിലവിലെ പുതിയ നേതാവിനെക്കുറിച്ച് ആധികാരികമായ വിവരങ്ങളൊന്നുമില്ലെന്നും ലീവിറ്റ് പറഞ്ഞു. ഇറാനിൽ ഭരണകൂട നേതൃത്വത്തിൽ മാറ്റം വന്നുവെന്ന പ്രസിഡന്റിന്റെ നിരീക്ഷണം ശരിയാണെങ്കിലും പുതിയ നേതൃത്വത്തിൽ തങ്ങൾ തൃപ്തരാണോ എന്ന് പറയാൻ സമയമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പക്ഷം. ഇറാനുമായി സമാധാന ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും സൈനിക നടപടികളുമായി ശക്തമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam