
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാകിസ്ഥാൻ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. ഇപ്പോൾ പാകിസ്ഥാനിലേക്കുള്ള യാത്ര ഷെഡ്യൂൾ ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറിൽ ട്രംപ് പാകിസ്ഥാൻ സന്ദർശിക്കാനൊരുങ്ങുന്നുവെന്ന് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ നടന്നിരുന്നു.
അതിനിടെ, പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ലഷ്ക്കർ എ തയിബയുടെ ശാഖയാണ് ടിആർഎഫ് എന്ന് യുഎസ്. പഹൽഗാം ആക്രമണത്തിനെതിരായ ഡോണൾഡ് ട്രംപിൻറെ ശകതമായ നിലപാടിന്റെ ഫലമാണ് തീരുമാനമെന്നും യുഎസ്. ടിആർഎഫുമായി ബന്ധമില്ലെന്ന പാകിസ്ഥാൻ വാദത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
സെപ്റ്റംബറിൽ ഇസ്ലാമാബാദിൽ എത്തിയ ശേഷം ട്രംപ് ഇന്ത്യയും സന്ദർശിക്കുമെന്നാണ് പാക് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. എന്നാൽ വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തിനു ശേഷം ചാനലുകൾ അവരുടെ റിപ്പോർട്ടുകൾ പിൻവലിച്ചതായി ദി ഡോൺ റിപ്പോർട്ട് ചെയ്തു. 2006 ൽ പാകിസ്ഥാൻ സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റ് ജോർജ്ജ് ബുഷ് ആയിരുന്നു.
അതേ സമയം, ജൂലൈ 25 മുതൽ ജൂലൈ 29 വരെ ട്രംപ് സ്കോട്ട്ലൻഡ് സന്ദർശിക്കുമെന്ന് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ട്രംപും പ്രഥമ വനിത മെലാനിയയും ഈ വർഷം അവസാനം ചാൾസ് രാജാവിനെ കാണാൻ വിൻഡ്‌സർ കാസിൽ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam