
വിയന്ന: സാഹസിക വിനോദമായ സ്കൈ ഡൈവിംഗ് മേഖലയിൽ നിരവധി റെക്കോർഡുകൾ നേടിയ ഓസ്ട്രിയൻ സ്വദേശിക്ക് ദാരുണാന്ത്യം. ഫിയർലെസ് ഫെലിക്സ് എന്ന പേരിൽ സുപ്രസിദ്ധനായ ഫെലിക്സ് ബൗംഗാർട്നർ എന്ന പാരാജംപറാണ് വ്യാഴാഴ്ച ഇറ്റലിയിൽ വച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. മോട്ടോറൈസ്ഡ് പാരാഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമായതോടെ 56കാരനായ ഫെലിക്സ് ബൗംഗാർട്നർ പോർട്ടോ സാൻറ് എൽപിഡിയോ നഗരത്തിലെ ഒരു ഹോട്ടലിന്റെ നീന്തൽക്കുളത്തിനടുത്ത് ഇടിച്ച് വീഴുകയായിരുന്നു. അപകടം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.
2012ൽ ഭൂമിയിൽ നിന്ന് 38 കിലോമീറ്റർ ഉയരത്തിൽ നിന്ന് നടത്തിയ സ്കൈ ഡൈവിലൂടെയാണ് ഫെലിക്സ് ബൗംഗാർട്നർ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. സ്കൈ ഡൈവിംഗിനിടെ ഫെലിക്സ് ബൗംഗാർട്നറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായോയെന്ന സംശയമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏത് രീതിയിലുള്ള സാഹസികതയ്ക്കും ഒരുങ്ങിയ ധൈര്യത്തിന്റെ പര്യായം എന്നാണ് എൽപിഡോ നഗരത്തിന്റെ മേയർ മാസിമിലാനോ സിയർപെല്ലാ ഫെലിക്സ് ബൗംഗാർട്നറിനെ വിശേഷിപ്പിക്കുന്നത്.
ഫിയർലെസ് ഫെലിക്സ് എന്നറിയപ്പെട്ടിരുന്ന ബൗംഗാർട്നർ, 2012 ഒക്ടോബറിൽ പ്രത്യേകമായി നിർമ്മിച്ച സ്യൂട്ട് ധരിച്ച് ഭൂമിയിൽ നിന്ന് 38 കിലോമീറ്റർ ഉയരത്തിൽ നിന്ന് ബലൂണിൽ നിന്ന് കുതിച്ച്, ശബ്ദത്തിന്റെ വേഗത മറികടന്ന ആദ്യ സ്‌കൈഡൈവറായി ലോകശ്രദ്ധ നേടിയിരുന്നു. സാധാരണയായി മണിക്കൂറിൽ 1,110 കിലോമീറ്റർ ആണ് ശബ്ദവേഗം. ന്യൂമെക്സിക്കോയിൽ വച്ചായിരുന്നു ഈ റെക്കോർഡ് ആകാശച്ചാട്ടം.
മുൻ ഓസ്ട്രിയൻ സൈനികനായ ഫെലിക്സ് ബൗംഗാർട്നർ ആയിരക്കണക്കിന് ആകാശച്ചാട്ടങ്ങളാണ് നടത്തിയിട്ടുള്ളത്. വിമാനങ്ങളിൽ നിന്നും വമ്പൻ പാലങ്ങളിൽ നിന്നും ബ്രസീലിലെ ക്രൈസ്റ്റ് റെഡീമർ അടക്കമുള്ള ലോകത്തിലെ സുപ്രധാനമായ പല നിർമ്മിതികൾക്ക് മുകളിൽ നിന്നും ഫെലിക്സ് ബൗംഗാർട്നർ ആകാശച്ചാട്ടങ്ങൾ നടത്തിയിരുന്നു. കൗമാരക്കാരനായി സ്കൈ ഡൈവിംഗ് രംഗത്തേക്ക് എത്തിയ ഫെലിക്സ് ബൗംഗാർട്നർ ആകാശത്തിന്റെ ദൈവമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam