ചൈനയുടെ കളിപ്പാവയാണ് ലോകാരോ​ഗ്യ സംഘടന; വലിയ തീരുമാനം ഉടന്‍ പ്രതീക്ഷിക്കാമെന്നും ട്രംപ്

By Web TeamFirst Published May 9, 2020, 3:50 PM IST
Highlights

 ചൈനയുടെ കളിപ്പാവയായിട്ടാണ് ലോകാരോ​ഗ്യ സംഘടനയുടെ ഇപ്പോഴത്തെ നിലപാട്. ചൊന പറയുന്നതെല്ലാം അവർ ശരി വയ്ക്കുന്നു. 

വാഷിം​ഗ്ടൺ: ലോകാരോ​ഗ്യ സംഘടനയെ ചൈനയുടെ കളിപ്പാവയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തന്നെ ഈ വിഷയത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട്  ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈനയുടെ പക്ഷത്ത് നിൽക്കുകയാണെന്നും ആരോപിച്ച് ലോകാരോ​ഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താത്ക്കാലികമായി നിർത്തി വച്ചിരുന്നു. 

'പ്രത്യേക ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചതായിരിക്കില്ല. എന്നാൽ കഴിവില്ലായ്മ കൊണ്ടുണ്ടായതാണ്. എങ്ങനെയോ പുറത്തെത്തിയതാണ്. എന്നാൽ അതിനെക്കുറിച്ച് സംസാരിക്കാൻ അവർക്കറിയില്ല.' ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ചൈനക്കാരെ സഹായിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

'ഞങ്ങൾ അങ്ങോട്ട് പോകുന്നതിൽ അവർ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ലോകാരോ​ഗ്യ സംഘടനയ്ക്ക് ഓരോ വർഷവും 500 മില്യൺ യുഎസ് ഡോളറാണ് ഞങ്ങൾ കൊടുക്കുന്നത്. ഉടൻ തന്നെ അക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കാരണം ചൈനയുടെ കളിപ്പാവയായിട്ടാണ് ലോകാരോ​ഗ്യ സംഘടനയുടെ ഇപ്പോഴത്തെ നിലപാട്. ചൈന പറയുന്നതെല്ലാം അവർ ശരി വയ്ക്കുന്നു. ചൈനയിൽ നിന്നും 38 മില്യൺ യുഎസ് ഡോളറാണ് അവർക്ക് ലഭിക്കുന്നത്.' ട്രംപ് വിശദീകരിച്ചു. 

ഞങ്ങൾ 450 മില്യൺ കൊടുക്കുമ്പോൾ ചൈന കൊടുക്കുന്നത് വെറും 38 മില്യൺ ഡോളറാണ്. എന്നാൽ എന്ത് ചെയ്യണമെന്ന് പറയുന്നത് ചൈനയാണ്. അതെങ്ങനെ ശരിയാകും? ട്രംപ് ചോദിക്കുന്നു. ചൈനയുമായി വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

click me!