
ജെനീവ: കൊവിഡ് 19 ഉത്ഭവത്തെ സംബന്ധിച്ച് ചൈനക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി ലോകാരോഗ്യ സമ്മേളനത്തില്‍ ഇന്ത്യയടക്കം നൂറിലേറെ രാജ്യങ്ങള്‍ രംഗത്തെത്തി. ലോകാരോഗ്യ സംഘടനയുടെ നയരൂപീകരണ ബോഡിയായ ലോകാരോഗ്യ സമ്മേളനത്തിന് തിങ്കളാഴ്ചയാണ് തുടക്കമിട്ടത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം നടന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ പ്രധാന്യത്തോടെയാണ് ലോകരാജ്യങ്ങള്‍ സമ്മേളനത്തെ വീക്ഷിച്ചത്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സമ്മേളനത്തില്‍ നൂറിലേറെ രാജ്യങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടും. യൂറോപ്യന്‍ യൂണിയനാണ് പ്രമേയം അവതരിപ്പിക്കുന്നത്.
ചൈനയിലെ വുഹാനിലാണ് കൊവിഡ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണവൈറസ് ബാധ മൂടിവെക്കാന്‍ ചൈന ശ്രമിച്ചെന്നും ആരോപണമുയര്‍ന്നു. ചൈനക്കെതിരെയുള്ള അന്വേഷണ ആവശ്യത്തിന് ഓസ്‌ട്രേലിയയാണ് ആദ്യം പിന്തുണ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ ചൈന രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ നിലപാട് നിരുത്തരവാദിത്തപരമാണെന്ന് ചൈന കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരെ കൂടുതല്‍ ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് ചൈന ഭീഷണിപ്പെടുത്തി. നാല് ഓസ്‌ട്രേലിയന്‍ വിതരണക്കാരുടെ ബീഫ് ഇറക്കുമതി ചൈന നിരോധിച്ചു.
സൗദി അറേബ്യ, ഖത്തര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി 123 രാജ്യങ്ങള്‍ അമേരിക്കയെ പിന്തുണച്ച് പ്രമേയത്തെ അനുകൂലിച്ചു. ലോക ആരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോ ഗബ്രിയേസുസിന്റെ നടപടിയെയും വിവിധ രാജ്യങ്ങള്‍ എതിര്‍ത്തു. കൊവിഡ് വ്യാപനത്തിന് ചൈനയാണ് ഉത്തരവാദിയെന്ന് അമേരിക്കയാണ് ആദ്യം ആരോപിച്ചത്. പിന്നീട് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും ചൈന നിഷേധിച്ചു.