യൂറോപ്പിനെ വിറപ്പിച്ച് കൊവിഡിന്റെ രണ്ടാം വരവ്; ബ്രിട്ടനില്‍ ലോക്ക്ഡൗണിന് സാധ്യത

By Web TeamFirst Published Sep 18, 2020, 9:45 PM IST
Highlights

കഴിഞ്ഞ രണ്ടാഴ്ചയായി ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായി.
 

ലണ്ടന്‍: യൂറോപ്പിനെ ആശങ്കയിലാഴ്ത്തി കൊവിഡിന്റെ രണ്ടാം വരവ്. ആദ്യത്തെ കൊവിഡ് വ്യാപനത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ബ്രിട്ടനില്‍ രോഗവ്യാപനം തടയാന്‍ കുറച്ച് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായി.

യൂറോപ് നേരിടാന്‍ പോകുന്നത് ഗുരുതര സാഹചര്യമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് മുന്നറിയിപ്പ് നല്‍കി. ആഴ്ചകള്‍ പിന്നിടുമ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കൊവിഡ് കേസ് രൂക്ഷമായ മാര്‍ച്ചിലെ അവസ്ഥക്ക് സമാനമായ സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച ഫ്രാന്‍സില്‍ 9874 പുതിയ കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിന്റെ രണ്ടാം വരവ് യൂറോപ്പിന്റെ സാമ്പത്തിക രംഗത്തെ വലിയ രീതിയില്‍ തിരിച്ചടിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ കൊവിഡ് ആഞ്ഞടിച്ച ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് രണ്ടാം വരവില്‍ ആശങ്കയിലാണ്.

നിലവില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ രാജ്യങ്ങളിലാണ് കൊവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. അതേസമയം, നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതില്‍ എതിര്‍പ്പുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. 

click me!