പലസ്തീന്റെ 'നെൽസൺ മണ്ടേല', മർവാൻ ബർഗൂതിയുടെ മോചനത്തിനായി ഡൊണാൾഡ് ട്രംപ് ഇടപെടണമെന്ന് ഫദ്വ ബർഗൂതി

Published : Oct 24, 2025, 08:19 PM IST
Marwan Barghouti

Synopsis

മേഖലയിൽ സമാധാനം സ്ഥിരമാക്കുന്നത് സ്വപ്നം കാണുന്ന വ്യക്തിയായ മർവാൻ ബർഗൂതി കലർപ്പില്ലാത്ത പങ്കാളിയായിരിക്കുമെന്നാണ് ഫദ്വ ബർഗൂതി മാധ്യമങ്ങൾക്കുള്ള പ്രസ്താവനയിൽ വിശദമാക്കുന്നത്.

ഗാസ: രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷവും ഇസ്രയേൽ ജയിലിൽതുടരുന്ന പലസ്തീൻ തടവുകാരുടെ മോചനത്തിനായി ഡൊണാൾഡ് ട്രംപ് ഇടപെടണമെന്ന് ഇസ്രയേൽ തടവുകാരനായ മർവാൻ ബർഗൂതിയുടെ കുടുംബം. വെടിനിർത്തൽ ധാരണ അനുസരിച്ച വലിയൊരു ഭൂരിപക്ഷം പലസ്തീൻ തടവുകാരെ തിരിച്ചയച്ചെങ്കിലും ഇപ്പോഴും ജയിലിലാണ് മർവാൻ ബർഗൂതി. ഭർത്താവിന്റെ മോചനത്തിനായി ഡൊണാൾഡ് ട്രംപ് ഇടപെടണമെന്നാണ് മർവാൻ ബർഗൂതിയുടെ ഭാര്യ ആവശ്യപ്പെട്ടിട്ടുള്ളത്. മർവാൻ ബർഗൂതിയുടെ മോചനത്തിൽ ട്രംപ് തീരുമാനം എടുക്കണമെന്നാണ് ഫദ്വ ബർഗൂതി ആവശ്യപ്പെടുന്നത്. മേഖലയിൽ സമാധാനം സ്ഥിരമാക്കുന്നത് സ്വപ്നം കാണുന്ന വ്യക്തിയായ മർവാൻ ബർഗൂതി കലർപ്പില്ലാത്ത പങ്കാളിയായിരിക്കുമെന്നാണ് ഫദ്വ ബർഗൂതി മാധ്യമങ്ങൾക്കുള്ള പ്രസ്താവനയിൽ വിശദമാക്കുന്നത്. പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസിന്‍റെ പിന്‍ഗാമിയായി കണക്കാക്കുന്ന വ്യക്തിയാണ് മർവാൻ ബർഗൂതി. 66കാരനായ മർവാൻ ബർഗൂതി 2002 മുതൽ ഇസ്രയേൽ ജയിലിൽ കഴിയുകയാണ്.

മർവാൻ ബർഗൂതി കലർപ്പില്ലാത്ത പങ്കാളിയായിരിക്കുമെന്ന് ഫദ്വ ബർഗൂതി 

2004 ല്‍ ഇസ്രയേലില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് ജീവപര്യന്തം തടവ് ശിക്ഷയാണ് മർവാൻ ബർഗൂതി അനുഭവിക്കുന്നത്. രണ്ടാം പ്രക്ഷോഭ കാലത്ത് ഫത്തയുമായി ബന്ധമുള്ള സായുധ സംഘങ്ങളുടെ നേതൃത്വം എന്ന കുറ്റമാണ് ഇസ്രയേല്‍ ബര്‍ഗൂതിക്കെതിരെ ആരോപിച്ചത്. ബർഗൂതിയെ ഭീകരനേതാവായാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. എന്നാൽ പലസ്തീന്‍റെ നെൽസൺ മണ്ടേല എന്നാണ് പലസ്തീൻകാർ മർവാൻ ബർഗൂതിയെ വിശേഷിപ്പിക്കുന്നത്. പലസ്തീനികളെ ഒന്നിപ്പിക്കുന്ന ഭീകരനേതാവായി മർവാൻ ബർഗൂതി ഉയരുമെന്നതാണ് ജയിൽ മോചനത്തിൽ നിന്ന് ഇസ്രയേലിനെ പിന്നോട്ട് വലിക്കുന്ന ഘടകം. അഞ്ച് പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നായിരുന്നു ഇസ്രയേൽ മർവാൻ ബർഗൂതിക്കെതിരെ ഉയർത്തിയ ആരോപണം. ഹമാസുമായി മികച്ച രീതിയിലുള്ള ബന്ധമായിരുന്നു മർവാൻ ബർഗൂതി പുലർത്തിയിരുന്നത്. വെടിനിർത്തൽ ധാരണ അനുസരിച്ച് 20 ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഇസ്രയേല്‍ കൈമാറുന്ന പലസ്തീന്‍ തടവുകാരില്‍ മർവാൻ ബർഗൂതിയും ഉണ്ടാവണമെന്നായിരുന്നു ഹമാസ് ആവശ്യപ്പെട്ടിരുന്നത്.

പലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തിന് അറുതി സൃഷ്ടിക്കാൻ ട്രംപിന് സാധിച്ചിരുന്നു. എന്നാൽ ഇതിനും സങ്കീർണമായ ഘട്ടമാണ് നിലവിൽ ട്രംപിന് മുന്നിലുള്ളത്. യുദ്ധശേഷം 2 ദശലക്ഷം വരുന്ന ഗാസയിലെ താമസക്കാർക്കായി ഭരണ സംവിധാനമടക്കം സജ്ജമാക്കാനുള്ള ഭാരിച്ച ബാധ്യതയാണ് ട്രംപ് നേരിടുന്നത്. ഇതിനായി മർവാൻ ബർഗൂതി സഹായിക്കുമെന്നാണ് ട്രംപിനോട് മർവാൻ ബർഗൂതിയുടെ ഭാര്യ വിശദമാക്കിയിട്ടുള്ളത്. മർവാൻ ബർഗൂതിയുടെ മോചനം സംബന്ധിച്ച് താൻ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ഇതാണ് മർവാൻ ബർഗൂതിയുടെ മോചനത്തിനായി ട്രംപിനെ സമീപിക്കാൻ ഫദ്വ ബർഗൂതിയെ പ്രേരിപ്പിക്കുന്നത്. ബിർ സെയ്ത് സർവകലാശാലയിലെ വിദ്യാർത്ഥി പ്രവർത്തകനായാണ് ബര്‍ഗൂതി പ്രശസ്തിയിലേക്ക് എത്തിയത്. 1987ലെ ആദ്യത്തെ പലസ്തീൻ കലാപത്തിന്‍റെ പ്രധാന സംഘാടകരിലൊരാൾ മർവാൻ ബർഗൂതിയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം