
ഡബ്ലിൻ: പൊലീസിന് നേരെ കട്ടയും പടക്കവും ചില്ലുകുപ്പികളുമായി പ്രതിഷേധക്കാർ. അയർലൻഡിൽ കുടിയേറ്റക്കാർക്കെതിരായ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്. മൂന്ന് പൊലീസുകാർക്ക് ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റു. 24 ഓളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരും യുവാക്കളുമാണ് പ്രതിഷേധക്കാരിൽ ഏറെയും. അറസ്റ്റിലായവരിൽ 5 ആൺകുട്ടികളുമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബുധനാഴ്ച ഡബ്ലിനിൽ കുടിയേറ്റക്കാരുടെ താമസ സ്ഥലത്തേക്കാണ് പ്രതിഷേധക്കാർ പടക്കവും ചില്ലുകുപ്പികളും കട്ടകളുമായി എത്തിയത്. ഇവിടെയുണ്ടായിരുന്ന പൊലീസ് വാൻ പ്രതിഷേധക്കാർ കത്തിച്ചു. പ്രദേശത്തേക്ക് എത്തിയ പൊലീസ് ഹെലികോപ്ടറിന് നേരെ ലേസർ പ്രയോഗിച്ചായിരുന്നു പ്രതിഷേധക്കാർ പ്രതിരോധിച്ചത്.
അഭയാർത്ഥി 10 വയസുള്ള പെൺകുട്ടിലെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന് പിന്നാലെ തിങ്കളാഴ്ച മുതലാണ് മേഖലയിൽ പ്രതിഷേധം വീണ്ടും ശക്തമായത്. ഡബ്ലിളിനെ പ്രാദേശിക മേഖലയിലാണ് അതിക്രമം നടന്നത്. ഇതോടെ അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമെതിരെ പ്രതിഷേധം കടുക്കുകയായിരുന്നു. 10 വയസുകാരിയെ ആക്രമിച്ച സംഭവത്തിൽ 26കാരനെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിട്ടുള്ളത്. കുടിയേറ്റക്കാർ താമസിച്ചിരുന്ന സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപത്ത് വച്ചായിരുന്നു അതിക്രമം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതോടെയാണ് പ്രതിഷേധക്കാർ ഹോട്ടലിന് സമീപത്തേക്ക് എത്തിയത്.
പൂന്തോട്ടങ്ങളിൽ ഉപയോഗിക്കുന്ന പുല്ലുമാന്തി അടക്കമുള്ളവയുമായാണ് പ്രതിഷേധക്കാർ മേഖലയിലേക്ക് എത്തിയത്. ഡബ്ലിനിലെ സാഗ്ഗർട്ടിലെ സിറ്റിവെസ്റ്റ് ഹോട്ടലിലെ താമസക്കാരിലേറെയും അഭയാർത്ഥികളാണ്. സമാധാനപരമായി ആരംഭിച്ച പ്രതിഷേധം വലിയ രീതിയിൽ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാരെ മേഖലയിൽ നിന്ന് മാറ്റിയതായും നിലവിൽ ആളുകളുടെ സുരക്ഷാ പ്രശ്നം ഉണ്ടാവുന്ന നിലയിലല്ല സ്ഥിതിഗതികളെന്നാണ് ഐറിഷ് നീതിന്യായ മന്ത്രി മാധ്യമങ്ങളോട് വിശദമാക്കിയത്. ആളുകളുടെ എതിർപ്പ് ഇത്തരത്തിൽ ആയുധവൽക്കരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രി വിശദമാക്കി. പൊലീസിനേയും പൊതുമുതലും നശിപ്പിക്കുന്നതല്ല പരിഹാരമെന്നും ഇതൊന്നും ആർക്കും സുരക്ഷിതത്വം തോന്നിക്കുന്ന കാര്യമല്ലെന്നുമാണ് മന്ത്രി പ്രതികരിക്കുന്നത്.
ജൂൺ മാസത്തിൽ നോർത്തേൺ അയർലാൻഡിലുണ്ടായ പ്രതിഷേധത്തിന് സമാനമായ രീതിയിലാണ് ഡബ്ളിനിലെ പ്രതിഷേധവും. കൗമാരക്കാരായ കുടിയേറ്റക്കാർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെയാണ് ജൂണിൽ സമാന രീതിയിലെ പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ പിരിച്ച് വിടാൻ ജല പീരങ്കി അടക്കമുള്ളവ പ്രയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് പൊലീസ് കമ്മീഷണർ ജസ്റ്റിൻ കെല്ലി പ്രതികരിക്കുന്നത്. 300 ലേറെ പൊലീസുകാരെത്തിയാണ് പ്രതിഷേധം നിയന്ത്രിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളാണ് സംഘർഷാവസ്ഥ കൂടുതൽ മോശമാക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.