ഇക്വഡോര്‍ കൈവിട്ടു; ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Apr 11, 2019, 3:50 PM IST
Highlights

ഇത്ര കാലം അസാന്‍ജിന് കൊടുത്ത രാഷ്ട്രീയഅഭയം പിന്‍വലിച്ച ഇക്വഡോര്‍, എംബസി മുഖാന്തരം ലണ്ടന്‍ പൊലീസിനെ വിളിച്ചു വരുത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലണ്ടൻ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷമായി അസാന്‍ജ് ജീവിച്ചു പോരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന വിവരം.
 
അസാന്‍ജിനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ച ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് കോടതിയില്‍ എത്തിക്കും എന്നറിയിച്ചു. ഇത്ര കാലം അസാന്‍ജിന് കൊടുത്ത രാഷ്ട്രീയഅഭയം പിന്‍വലിച്ച ഇക്വഡോര്‍, എംബസി മുഖാന്തരം ലണ്ടന്‍ പൊലീസിനെ വിളിച്ചു വരുത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
 
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്‍റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു.  ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.
 

WATCH: Moment Julian Assange is CARRIED out of the Ecuadorian Embassy in London. pic.twitter.com/OEeqmoksGr

— RT UK (@RTUKnews)
വിക്കീലീക്സും അസാന്‍ജും....
ആസ്ത്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമാണ് ജൂലിയൻ പോൾ അസാൻജ്. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ കൂടിയായ അസാൻജ് 2006-ലാണ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെയാണ് അസാന്‍ജും വിക്കീലീക്സും ആദ്യമായി ലോകശ്രദ്ധയിലെത്തുന്നത്. അമേരിക്ക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു.
 
2010-ല്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ നടത്തിയ ചാരപ്രവര്‍ത്തനത്തിന്‍റെ വിശദാംശങ്ങളും അമേരിക്കയിലേക്ക് എംബസി ഉദ്യോഗസ്ഥര്‍ അയച്ചു കൊടുത്ത അവലോകന റിപ്പോര്‍ട്ടുകളും ചോര്‍ത്തിയതോടെയാണ് വിക്കീലീക്സ് ലോകത്തെ ശരിക്കും ഞെട്ടിച്ചത്. ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് വിക്കിലീക്ക്സ് പുറത്തു വിട്ടത്. ഇന്ത്യയടക്കം ലോകത്തെ അനവധി രാജ്യങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് വിക്കിലീക്സ് ചോര്‍ച്ച വഴിയൊരുക്കിയത്.
 
സുഹൃത്ത് രാഷ്ട്രങ്ങളിലടക്കം അമേരിക്ക ചാരപ്പണി നടത്തിയിരുന്നുവെന്ന വിക്കീലീക്സ് പുറത്തു വിട്ട രേഖകള്‍ തെളിയിച്ചു.  സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നുമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കി. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.
 
കേബിള്‍ ഗേറ്റ് വിവാദത്തോടെ അസാന്‍ജ് അമേരിക്ക അടക്കമുള്ളവര്‍ക്ക് വില്ലനും ഒരുപാട് പേര്‍ക്ക് നായകനുമായി മാറി. കേബിള്‍ ഗേറ്റ് വിവാദം സൃഷ്ടിച്ച കൊടുങ്കാറ്റ് അടങ്ങും മുന്‍പേ അദ്ദേഹത്തിനെതിരെ സ്വീഡനില്‍ നിന്നും രണ്ട് ലൈംഗികാരോപണങ്ങൾ ഉയരുകയും സ്വീഡിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ ഇതേ കേസുകളില്‍ ഇന്‍റര്‍പോള്‍ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. തന്നെ കുടുക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ കേസുകളെന്നും അമേരിക്കയാണ് ഈ നീക്കത്തിന് പിന്നില്ലെന്നും അസാന്‍ജ് ആരോപിച്ചു.
 
തന്നെ കുടുക്കാന്‍ പലവഴികളിലൂടേയും നീക്കം നടക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ അസാന്‍ജ് സ്ഥിരവാസം ഒഴിവാക്കി. പലരാജ്യങ്ങളിലായി മാറി മാറി താമസിച്ചു. ഇതിനിടയിലും ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സെൻസർഷിപ്പിനെക്കുറിച്ചും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. എന്നാല്‍ നിയമക്കുരുക്ക് മുറുകിയതോടെ ഒടുവില്‍ അസാന്‍ജ് ബ്രിട്ടനിലെ കോടതിയില്‍ കീഴടങ്ങി. കോടതി അസാന്‍ജിനെ റിമാന്‍ഡ് ചെയ്തു. അസാന്‍ജിന്‍റെ അറസ്റ്റ് വാര്‍ത്ത പുറത്തു വന്നതോടെ അദ്ദേഹത്തിന് വേണ്ടി ലോകമെമ്പാടും നിന്നും ശബ്ദമുയര്‍ന്നു.
 
സമൂഹമാധ്യമങ്ങളിലൂടെ നടന്ന ക്രൗഡ് ഫണ്ടിംഗ് വഴി അസാന്‍ജിന് വേണ്ടി അദ്ദേഹത്തിന്‍റെ അനുയായികളും വിക്കീലീക്സ് പ്രവര്‍ത്തകരും നിയമപോരാട്ടം നടത്തുകയും ജാമ്യതുക കെട്ടിവച്ച് 2010 ഡിസംബർ17 ന് അദ്ദേഹത്തെ  പുറത്തു കൊണ്ടു വരികയും ചെയ്തു. പുറത്തു വന്ന അസാന്‍ജ് തീര്‍ത്തും നാടകീയമായി 2012-ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംതേടി. അദ്ദേഹത്തിന് അഭയം നല്‍കാന്‍ ഇക്വഡോര്‍ ഭരണകൂടം തീരുമാനിക്കുകയും ചെയ്തു.
 
തങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന അസാന്‍ജിന് അഭയം നല്‍കിയ ഇക്വഡോറിന്‍റെ നടപടി ബ്രിട്ടണും ഇക്വഡോറും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയെങ്കിലും നയതന്ത്ര മര്യാദ പാലിച്ച് ബ്രിട്ടണ്‍ ഇക്വഡോര്‍ എംബസിയില്‍ കയറി അസാന്‍ജിനെ അറസ്റ്റ് ചെയ്യാന്‍ മെനക്കെട്ടില്ല. അമേരിക്കയും ബ്രിട്ടണും സ്വീഡനും ചേര്‍ന്ന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അസാന്‍ജിനെ കൈവിടാന്‍ ഇക്വഡോര്‍ ഇത്രകാലവും തയ്യാറായിരുന്നില്ല. പക്ഷേ 2017-ല്‍  മൊറേണോ ഇക്വഡോര്‍ പ്രസിഡന്‍റായി വന്നതോടെ കാര്യങ്ങള്‍ മാറി.
 
ഏഴ് വര്‍ഷമായി താന്‍ ജീവിക്കുന്ന ഇക്വഡോര്‍ എംബസിക്കുള്ളില്‍ തനിക്കെതിരെ ശക്തമായ ചാരപ്രവര്‍ത്തനം നടക്കുന്നതായി കഴിഞ്ഞ ദിവസം ജൂലിയന്‍ അസാന്‍ജ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനുള്ള രാഷ്ട്രീയം അഭയം റദ്ദാക്കിയതായി ഇക്വഡോര്‍ പ്രഖ്യാപിച്ചതും അസാന്‍ജ് അറസ്റ്റ് ചെയ്യപ്പെട്ടതും.
 
click me!