മധ്യേഷ്യയിൽ അമേരിക്കൻ സൈനിക വിന്യാസം ശക്തമാക്കുന്നതോടെ ഇറാനുമായി ഒരു യുദ്ധത്തിനുള്ള സാധ്യതയേറുകയാണ്. ആണവകരാർ ചർച്ചകൾക്കിടെയുള്ള ഈ നീക്കം ആശങ്ക വർധിപ്പിക്കുമ്പോൾ, യുദ്ധം ഒഴിവാക്കണമെന്ന നിലപാടും അമേരിക്കൻ സൈന്യത്തിനുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്

ടെഹ്‌റാൻ: ഇറാനുമായി അമേരിക്ക യുദ്ധത്തിലേക്കെന്ന പ്രതീതിയിൽ ലോകം. സൈനിക നീക്കങ്ങളുമായി ദ്രുതഗതിയിൽ മുന്നോട്ട് പോകുന്ന അമേരിക്കൻ സേന, പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ 'യെസ്' എന്ന മറുപടി കാത്തിരിക്കുകയാണ്. യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവയടക്കം മധ്യേഷ്യയിലെ തങ്ങളുടെ താവളങ്ങളിൽ അമേരിക്ക സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ഇറാനെ അമേരിക്ക ആക്രമിച്ചേക്കുമെന്നാണ് അഭ്യൂഹം. എന്നാൽ യുദ്ധത്തിലേക്ക് പോകരുതെന്ന നിലപാടിലാണ് അമേരിക്കൻ സൈന്യത്തിൻ്റെ കമാൻഡർ-ഇൻ-ചീഫ് എന്നും റിപ്പോർട്ടുകളുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ആണവകരാറിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് അമേരിക്കയുടെ നീക്കം. ഇറാനെ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തുകയെന്ന തന്ത്രമാണോ യുഎസ് പയറ്റുന്നതെന്ന് വ്യക്തമല്ല. നിലവിൽ മിഡിൽ ഈസ്റ്റിൽ 13 യുദ്ധക്കപ്പലുകളുണ്ട്. കൂടുതൽ കപ്പലുകൾ ഇവിടേക്ക് വരുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡാണ് ഇതിൽ പ്രധാനം. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഇതുള്ളത്.

കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേൽ ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു. 12 ദിവസത്തെ ആക്രമണത്തിനിടെ ആണവ കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ട് മിസൈലുകൾ വർഷിച്ചു. ഈ സമയത്തെല്ലാം അമേരിക്കയുടെ രണ്ട് വലിയ യുദ്ധക്കപ്പലുകൾ ഇവിടെ നിലയുറപ്പിച്ചിരുന്നു. അതേസമയം ഓഹരി വിപണിയിലും ആശങ്ക ശക്തമാണ്. സ്വർണവിലയടക്കം വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.