
കാലിഫോർണിയ: വേട്ടയാടിപ്പിടിക്കുന്ന കാട്ടുപന്നിയുടെ തോൽ ഉരിഞ്ഞ് മാറ്റുമ്പോൾ നീല നിറം. കാലിഫോർണിയയിൽ അണ്ണാനെയും എലിയേയും തുരത്താൻ കണ്ടെത്തിയ വിഷം ഒടുവിൽ മനുഷ്യന് തന്നെ ഗുരുതരമായി ബാധിക്കുന്നു. കാട്ടുപന്നിയിറച്ചിയുടെ നിറം നീല നിറത്തിൽ കാണാൻ തുടങ്ങിയതിന് പിന്നാലെ മുന്നറിയിപ്പുകളുമായി കാലിഫോർണിയയിലെ വന്യജീവി വനം വകുപ്പ്. വലിയ രീതിയിൽ കർഷകർ കീട നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഡിഫാസിനോൺ എന്ന എലിവിഷമാണ് കാട്ടുപന്നിയിറച്ചിയുടെ നിറം മാറ്റത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിയോൺ നീല നിറത്തിലാണ് പന്നിയിറച്ചി കാണുന്നത്. കാലിഫോർണിയയിലെ ഡേവിസിലെ കാലിഫോർണിയ അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റി വൈൽഡ്ലൈഫ് ഹെൽത്ത് ലാബ് നടത്തിയ സാംപിൾ പരിശോധനയിലാണ് ഇറച്ചിയിലെ മാരക വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാട്ടുപന്നിയുടെ കരളിലും വയറിലും വിഷ പദാർത്ഥത്തിന്റെ സാന്നിധ്യം വലിയ രീതിയിൽ കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് ഭക്ഷിക്കുന്നതിലൂടെയോ അല്ലെങ്കിൽ വിഷബാധയേറ്റ ജീവികളുടെ മാംസത്തിലൂടെയോ കാട്ടുപന്നികളുടെ ശരീരത്തിൽ ഡിഫാസിനോൺ എത്തുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
ഇറച്ചി ഉയർന്ന ഊഷ്മാവിൽ ചൂടാക്കിയാൽ പോലും വിഷാംശം മാറ്റപ്പെടുന്നില്ല എന്നതിനാലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധാരണ ഗതിയിൽ ഡിഫാസിനോണിന്റെ നിറം നിയോൺ നീല അല്ല. മനുഷ്യർ അബദ്ധത്തിൽ വിഷം കഴിക്കാതിരിക്കാൻ ശ്രദ്ധ വരുത്തുന്നതിനായി പ്രത്യേകമായി ഡൈ ചെയ്താണ് ഡിഫാസിനോണിന് നീല നിറം നൽകുന്നത്. ഡിഫാസിനോൺ അടങ്ങിയ ഭക്ഷണം കഴിച്ച് ചാവുന്ന ചെറുജീവികളുടെ മൃതദേഹത്തിലും ഈ വിഷത്തിന്റെ സാന്നിധ്യം ദീർഘകാലമുണ്ടാവുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.
45 മുതൽ 90 കിലോ വരെ ഭാരമുള്ള കാട്ടുപന്നികളിൽ ഈ വിഷം സാരമായ രീതിയിൽ ബാധിക്കുന്നില്ലെങ്കിലും വിഷാംശം ഇവയുടെ ഇറച്ചിയിൽ നിലനിൽക്കുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. പന്നികൾ മാത്രമല്ല മാനുകളും കരടികളിലും വാത്തകൾ പോലുള്ള പക്ഷികളിലും ഡിഫാസിനോണിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത വിദഗ്ധർ തള്ളുന്നില്ല. 2024 ലെ ഉത്തരവ് അനുസരിച്ച് ഡിഫാസിനോണിന് കാലിഫോർണിയയിൽ വിൽപനാ വിലക്ക് നേരിടുന്നുണ്ട്. അശ്രദ്ധമായി വിഷം കൈകാര്യം ചെയ്യുന്നത് മറ്റ് ജീവികൾക്ക് അപകടകരമായതിന് പിന്നാലെയാണ് വിലക്ക്. ജനവാസ മേഖലകൾക്ക് സമീപത്ത് കാണുന്ന 8.3 ശതമാനം കാട്ടുപന്നികളും ഡിഫാസിനോൺ അടങ്ങിയ ഭക്ഷണ സാധനങ്ങൾ ആഹാരമാക്കുന്നുവെന്നാണ് കണക്കുകൾ.
നീല നിറത്തിലുള്ള കാട്ടുപന്നിയിറച്ചി കഴിച്ചാൽ മനുഷ്യരിൽ മൂക്ക്, മോണ എന്നിവയിൽ നിന്നും രക്തസ്രാവത്തിനും മലത്തിലും മൂത്രത്തിലും രക്തം കാണാനും തുടങ്ങും. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് ചുരുങ്ങിയ സമയത്തിൽ മനുഷ്യനെ എത്തിക്കാനുള്ള സാധ്യതകളും ഏറെയാണ്. വയറുവേദന, നടുവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മർദ്ദം, ശ്വാസതടസ്സം എന്നിവയ്ക്കും ഡിഫാസിനോൺ വിഷബാധ മനുഷ്യരിൽ കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം