മൂന്ന് ലോറികളുടെ വലുപ്പം, കൂറ്റൻ ബലൂൺ രഹസ്യം ചോർത്തുമെന്ന് അമേരിക്ക; തകർത്തതോടെ കടുപ്പിച്ച് ചൈന

By Web TeamFirst Published Feb 5, 2023, 4:34 PM IST
Highlights

ഇക്കാര്യത്തിൽ ഉചിതമായ മറുപടി അമേരിക്കയ്ക്ക് നൽകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വാഷിംഗ്ടൺ : അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ  മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ അമേരിക്കൻ നടപടിക്കെതിരെ ചൈന. ബലൂൺ വീഴ്ത്തിയത് അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണെന്നും അതിരുവിട്ട പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ചൈന പ്രതികരിച്ചു. ഇക്കാര്യത്തിൽ ഉചിതമായ മറുപടി അമേരിക്കയ്ക്ക് നൽകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രഹസ്യം ചോർത്താൻ ചൈന അയച്ച ചാര ബലൂണ് വെടിവെച്ചിട്ടതെന്ന നിഗമനത്തിലാണ് അമേരിക്ക. ബലൂൺ തകർത്തതിന് ഉചിതമായ മറുപടി നൽകുമെന്ന് ചൈന പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.

മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയൻ എയർഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന വിശദീകരിക്കുന്നത്. എന്നാൽ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ അടക്കം പറന്ന ബലൂൺ രഹസ്യം ചോർത്താൻ ചൈന മനഃപൂർവം അയച്ചതെന്നാണ് അമേരിക്കയുടെ വാദം. ജനുവരി 28 ന് അലാസ്ക സംസ്ഥാനത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂൺ അന്ന് മുതൽ പെന്റഗൻറെ നിരീക്ഷണത്തിലായിരുന്നു. സൗത്ത് കാരലൈന തീരത്തു നിന്നും ആറു നോട്ടിക്കൽ മൈൽ അകലെ സമുദ്രത്തിന് മുകളിൽ എത്തിയപ്പോഴാണ് അമേരിക്ക ബലൂൺ വീഴ്ത്തിയത്. 

ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി

വിർജീനിയയിലെ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന എഫ്-22 പോർ വിമാനം 58,000 അടി മുകളിൽ വച്ച്  എഐഎം-9എക്സ് സൈഡ്‌വിൻഡെർ മിസൈൽ ഉപയോഗിച്ചാണ് ബലൂൺ തകർത്തത്. പ്രസിഡന്റ് ജോ ബൈഡനാണ് ജനങ്ങൾക്ക് അപായം ഉണ്ടാകാതെ ബലൂൺ വെടിവച്ചിടാൻ നിർദേശം നൽകിയത്.  കടലിൽ പത്തു കിലോമീറ്റർ ചുറ്റളവിൽ വീണ ബലൂൺ അവശിഷ്ടങ്ങൾ ഓരോന്നും മുങ്ങിയെടുത്തു പരിശോധിക്കാൻ വലിയ ഒരുക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. കപ്പലുകളും മുങ്ങൽ വിദഗ്ധരും  രഹസ്യാന്വേഷണ ഔദ്യോഗസ്ഥരുമടക്കം വലിയ സംഘം സ്ഥലത്തുണ്ട്. 


 

click me!