വിമാനത്താവളത്തിൽ വെച്ച് തോക്ക് പുറത്തെടുത്തു, ഉടൻ പൊലീസ് തിരിച്ച് വെടിവെച്ചു; കാനഡയിൽ 30കാരനെ വെടിവെച്ചുകൊന്നു

Published : Apr 25, 2025, 08:51 AM IST
വിമാനത്താവളത്തിൽ വെച്ച് തോക്ക് പുറത്തെടുത്തു, ഉടൻ പൊലീസ് തിരിച്ച് വെടിവെച്ചു; കാനഡയിൽ 30കാരനെ വെടിവെച്ചുകൊന്നു

Synopsis

കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലാണ് വ്യാഴാഴ്ച രാവിലെ സംഭവം നടന്നത്. ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റ് ഭീഷണികളില്ലെന്നും പൊലീസ്.

ടൊറണ്ടോ: ടൊറണ്ടോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 30 വയസുകാരനെ പൊലീസ് വെടിവെച്ചുകൊന്നു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവമെന്ന് ഒന്റാറിയോ പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വിമാനത്താവളത്തിലെ ഡിപ്പാർചർ ഏരിയയിലായിരുന്നു സംഭവം. വെടിവെപ്പിനെ തുടർന്നുള്ള അന്വേഷണങ്ങളുടെ ഭാഗമായി പിയേഴ്സൺ വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലേക്കുള്ള റോഡ് പൊലീസ് അടച്ചു.

വിമാനത്താവളത്തിൽ വെച്ച് ഏതാനും പേർക്കിടയിൽ ഉണ്ടായ ഒരു പ്രശ്നം പരിഹരിക്കാനായാണ് പൊലീസ് ഉദ്യോഗസ്ഥർ അവിടെ എത്തിയതെന്നും അൽപ നേരം നീണ്ടുനിന്ന പരിഹാര ശ്രമങ്ങൾക്കിടെ ഈ യുവാവ് അപ്രതീക്ഷിതമായി തന്റെ കൈയിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്തുവെന്നുമാണ് പൊലീസ് പറയുന്നത്. ഈ സമയം രണ്ട് പൊലീസുകാർ ഇയാൾക്ക് നേരെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു എന്നും പൊലീസ് അറിയിക്കുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ പേര് ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതർ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്നും അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
 

കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ഉണ്ടായ വെടിവെപ്പിന് പിന്നാലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് പൊലീസ് അടച്ചു. താത്കാലികമായ യാത്രാ പ്രതിസന്ധി നേരിട്ടുവെന്നും ഇത് പിന്നീട് പരിഹരിച്ചുവെന്നുമാണ് അധികൃതർ പറയുന്നത്. വിമാനത്താവളത്തിലേക്കുള്ള ബസുകൾ വഴിതിരിച്ചു വിട്ടു. വെടിവെപ്പ് ഉണ്ടായ സ്ഥലം ഒഴിവാക്കി മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന് കാണിച്ച് അധികൃതർ അറിയിപ്പും പുറത്തിറക്കിയിരുന്നു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചതായി ടൊറണ്ടോ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം