
ലണ്ടൻ: പൊതുസ്ഥലങ്ങളിൽ പാൻ, ഗുട്ക എന്നിവ ചവച്ച ശേഷം തുപ്പുന്നത് ദക്ഷിണേഷ്യയിലെ തെരുവുകളിൽ സാധാരണ കാഴ്ചയാണ്. വൃത്തിഹീനമായ ഈ ശീലം അതിർത്തികൾ കടന്ന് ഇപ്പോൾ ബ്രിട്ടനിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഈ വൃത്തിയില്ലാത്ത ശീലം കൊണ്ടു നടക്കുന്ന വ്യക്തികൾ കാരണം യുകെ വലിയ പ്രതിസന്ധിയും ബുദ്ധിമുട്ടുമാണ് നേരിടുന്നത്. ദക്ഷിണേഷ്യൻ സമൂഹവുമായി ബന്ധപ്പെട്ട ചവയ്ക്കുന്ന പുകയിലയുടെ കടും ചുവപ്പ് അവശിഷ്ടങ്ങൾ കടകളിലും നടപ്പാതകളിലും കെട്ടിടങ്ങളിലും നിന്ന് വൃത്തിയാക്കാൻ നോർത്ത് ലണ്ടൻ കൗൺസിൽ പ്രതിവർഷം 30,000 പൗണ്ടിലധികം (ഏകദേശം 35 ലക്ഷം രൂപ) ചെലവഴിക്കുന്നു എന്നാണ് 'ഈവനിംഗ് സ്റ്റാൻഡേർഡ്' റിപ്പോർട്ട് പറയുന്നത്. പ്രത്യേകിച്ച് വെംബ്ലിക്ക് ചുറ്റുമുള്ള ബ്രെന്‍റ് മേഖലകളിൽ പാൻ ചവയ്ക്കുന്നത് വ്യാപകമാണ്. ഇവിടെ കടുംചുവപ്പ് പാടുകൾ നടപ്പാതകളിലും ടെലിഫോൺ ബോക്സുകളിലും പൂച്ചട്ടികളിൽ പോലും പതിവായി കാണപ്പെടുന്നു.
ഈ പ്രശ്നം ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനും വൃത്തിയാക്കാൻ വലിയ ചെലവ് വരുന്നതിനും കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ബ്രെന്‍റ് കൗൺസിൽ ഇതിനോട് സീറോ ടോളറൻസ് സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കടുത്ത ശ്രമങ്ങൾക്കിടയിലും തെരുവുകളിൽ നിന്ന് പാടുകൾ പൂർണ്ണമായി നീക്കം ചെയ്യുന്നത് മിക്കപ്പോഴും അസാധ്യമാണ്. ശക്തമായ ക്ലീനിംഗ് ജെറ്റുകൾക്ക് പോലും ചില പാടുകൾ നീക്കം ചെയ്യാൻ കഴിയില്ല എന്ന് പ്രാദേശിക അതോറിറ്റികൾ പറയുന്നു.
പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി, പാൻ തുപ്പൽ ഒരു വലിയ പ്രശ്നം ആയ മൂന്ന് ഹോട്ട്‌സ്‌പോട്ടുകളിൽ ബ്രെന്‍റ് കൗൺസിൽ ബാനറുകൾ സ്ഥാപിച്ചു. പ്രദേശത്ത് എൻഫോഴ്‌സ്‌മെന്‍റ് ഓഫീസർമാരും പട്രോളിംഗ് നടത്തും. കുറ്റം ചെയ്യുന്നവർക്ക് 100 പൗണ്ട് വരെ (ഏകദേശം 12,000 രൂപ) പിഴ ചുമത്തും. "ഞങ്ങളുടെ തെരുവുകൾ നശിപ്പിക്കുന്നവർക്കെതിരെ, പാൻ തുപ്പി മലിനമാക്കുന്നവർക്കെതിരെ, ഞങ്ങൾ സീറോ ടോളറൻസ് സമീപനം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബ്രെന്‍റിനോട് കളിക്കരുത്, കാരണം ഞങ്ങൾ നിങ്ങളെ പിടികൂടി പിഴ ചുമത്തും" എന്ന് കൗൺസിലർ ക്രൂപ ഷേത്ത് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam