നവജാതശിശുവിനെ എയര്‍പോര്‍ട്ടില്‍ വച്ച് മറന്നു; കുഞ്ഞിനെ എടുക്കാന്‍ വിമാനം തിരിച്ചിറക്കി

By Web TeamFirst Published Mar 11, 2019, 10:29 PM IST
Highlights

പെട്ടിയും ബാ​ഗുമൊന്നുമല്ല, തന്റെ കു‍ഞ്ഞിനെയാണ് അമ്മ എയർപോർട്ടിൽ മറന്നു വച്ചത്! കുഞ്ഞ് ജനിച്ചിട്ട് അധിക ദിവസങ്ങളായിരുന്നില്ല. യാത്രയുടെ തിരക്കിനിടയിൽ കുഞ്ഞുണ്ടെന്ന കാര്യം യുവതി മറന്നുപോയി. 

ജിദ്ദ: യാത്ര പോകുമ്പോൾ പല സാധനങ്ങളും എടുക്കാൻ മറന്നു പോകാറുണ്ട്. അത്ര അത്യാവശ്യമില്ലാത്ത വസ്തുക്കളാണെങ്കിൽ പലരും ഈ മറവി അവ​ഗണിക്കാറാണ് പതിവ്. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ഒരാളാണ് തന്റെ ഹാൻഡ്ബാ​ഗോ പെട്ടിയോ മറന്നു പോയതെന്ന് വിചാരിക്കുക. അത്യാവശ്യ വസ്തുക്കളൊന്നുമില്ലെങ്കിൽ പൊതുവെ ഫ്ലൈറ്റ് തിരികെ ലാൻഡ് ചെയ്യാറില്ല. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ ഫ്ലൈറ്റ് നിർത്തിയിടുകയോ തിരികെയിറങ്ങുകയോ ചെയ്യും. ജിദ്ദയിലെ കിം​ഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിൽ അത്തരമൊരു അത്യാവശ്യഘട്ടമുണ്ടായി. പെട്ടിയും ബാ​ഗുമൊന്നുമല്ല, തന്റെ കു‍ഞ്ഞിനെയാണ് അമ്മ എയർപോർട്ടിൽ മറന്നു വച്ചത്! കുഞ്ഞ് ജനിച്ചിട്ട് അധിക ദിവസങ്ങളായിരുന്നില്ല. യാത്രയുടെ തിരക്കിനിടയിൽ കുഞ്ഞുണ്ടെന്ന കാര്യം യുവതി മറന്നുപോയി. 

എയർപോർ‌ട്ടിലെ വെയിറ്റിം​ഗ് റൂമിലാണ് കുഞ്ഞിനെ മറന്നു വച്ചത്. ഫ്ലൈറ്റ് ഉയർന്ന് പൊങ്ങി കുറച്ചു സമയം കഴി‍ഞ്ഞാണ് കുഞ്ഞ് കൂടെയില്ലെന്ന കാര്യം യുവതി ഓർത്തതെന്ന് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അപ്പോൾത്തന്നെ പൈലറ്റിനോട് പറഞ്ഞ് ഫ്ലൈറ്റ് തിരികെയിറക്കി. ജിദ്ദയിൽ നിന്നും ക്വലാലംപൂരിലേക്ക് പോകുന്ന ഫ്ലൈറ്റായിരുന്നു ഇത്. യുവതി കു‍ഞ്ഞിനെ വിമാനത്താവളത്തിൽ മറന്നു വച്ചു, തിരികെയെടുക്കാൻ വേണ്ടി ഫ്ലൈറ്റ് തിരിച്ച് ലാന്റ് ചെയ്യുന്നു എന്നാണ് പൈലറ്റ് എയർപോർട്ട് അധികൃതരെ അറിയിച്ചത്. പൈലറ്റ് ഈ വിവരം എയർപോർട്ടിൽ വിളിച്ച് പറയുന്നതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

സംഭവത്തെക്കുറിച്ച് പൈലറ്റ് വിളിച്ചു പറഞ്ഞപ്പോൾ കാബിൻ ക്രൂ ജീവനക്കാർ അത്ഭുതപ്പെടുന്നുണ്ട്. പൈലറ്റിന്റെ സന്ദേശം ഇപ്രകാരമായിരുന്നു. ''ഫ്ലൈറ്റ് തിരികെയിറക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യാത്രക്കാരിയായ യുവതി കുഞ്ഞിനെ വെയിറ്റിം​ഗ് റൂമിൽ വച്ച് മറന്നു.'' സന്ദേശം കേട്ട ഓപ്പറേറ്റർ പ്രതികരിച്ചത് 'ഓകെ എന്നാൽ ഇതൊരു പുതിയ സംഭവമാണല്ലോ' എന്നായിരുന്നു. എന്തായാലും മറന്നു പോയ കുഞ്ഞിനെ തിരിച്ചെടുത്ത് യുവതി യാത്ര തുടർന്നു. 

click me!