
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേർക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു. ലേക്ക് വുഡ് പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം അഞ്ച് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. യുവതി വെടിയുതിർത്തതോടെ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ പള്ളിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ, വെടിയുതിർത്ത യുവതിയെ വെടിവെച്ച് കൊന്നു. തന്‍റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞുവെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ ബാഗും വാഹനവും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്തിനാണ് യുവതി വെടിയുതിർത്തതെന്ന് വ്യക്തമല്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. 45000ത്തോളം പേർ ദിവസേന പ്രാർത്ഥനക്കെത്തുന്ന മെഗാ ചർച്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളിയാണ് ലേക്ക് വുഡ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam