
പാരീസ്: കെയർ ടേക്കറുടെ 12കാരിയായ മകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി 27കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷയുമായി കോടതി. ഫ്രാൻസിൽ കുടിയേറ്റക്കാർക്കെതിരായ പ്രതിഷേധം രൂക്ഷമാക്കാൻ കാരണമായ ക്രൂര കൊലപാതകത്തിൽ ആണ് അൾജീരിയൻ സ്വദേശിയായ ദാഹ്ബിയ ബെൻകീർഡ് എന്ന 27കാരിക്ക് കുറഞ്ഞത് 30 വർഷം തടവ് അനുഭവിക്കേണ്ടി വരുന്നത്. രാജ്യത്തെ ഏറ്റവും കഠിനമായ ശിക്ഷയാണ് ജഡ്ജിമാരുടെയും ജൂറിയുടെയും പാനൽ വിധിച്ചത്. ഫ്രാൻസിൽ ജീവപര്യന്തം തടവ് എന്നത് വളരെ അപൂർവമാണ്, അത് ലഭിച്ച ആദ്യ സ്ത്രീയാണ് ദാഹ്ബിയ ബെൻകീർഡ്. ഇതിന് മുൻപ് ഇത്തരത്തിൽ ജീവപര്യന്തം തടവ് നേരിടുന്നവർ സീരിയൽ കൊലയാളിയും ബലാത്സംഗിയുമായ മൈക്കൽ ഫോർണിറെറ്റ്, 2015ൽ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണത്തിൽ പങ്കെടുത്ത ജിഹാദിസ്റ്റ് സലാ അബ്ദേസ്ലാം എന്നിവരാണ് ഉള്ളത്.
ലോലാ ഡാവിയറ്റ് എന്ന 12 കാരിയെ 2022 ഒക്ടോബറിലാണ് 27കാരി കൊലപ്പെടുത്തിയത്. ടക്കൻ പാരീസിലെ കെട്ടിട സമുച്ചയത്തിലാണ് സംഭവം നടന്നത്. 27കാരിയുടെ സഹോദരി താമസിച്ചിരുന്ന അപാർട്ട്മെന്റിന്റെ കെയർ ടേക്കർ ദമ്പതികളുടെ മകളായിരുന്നു 12കാരി. സഹോദരി താമസിക്കുന്ന അപാർട്ട്മെന്റിന്റെ താക്കോൽ നൽകിയിട്ടും മുൻവാതിലിലൂടെ കയറാനുള്ള ബാഡ്ജ് നൽകാൻ കെയർ ടേക്കർ ദമ്പതികൾ വിസമ്മതിച്ചതാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് യുവതി വിശദമാക്കിയത്. സ്റ്റുഡന്റ് വിസയിൽ ഫ്രാൻസിലെത്തിയ യുവതി 2013ലാണ് ഫ്രാൻസിൽ സ്ഥിര താമസമാക്കിയത്.
ബലാത്സംഗത്തിന് ശേഷം 12കാരിയുടെ കഴുത്തിലും ശരീരത്തിലും കത്രിക ഉപയോഗിച്ച് മുറിവുകൾ ഉണ്ടാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴുത്തിൽ നിന്ന് പാതിയോളം അറുത്ത് മാറ്റിയ നിലയിലുള്ള മൃതദേഹം വലിയ പെട്ടിക്കുള്ളിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. സ്കൂളിൽ നിന്ന് തിരിച്ച് അപാർട്ട്മെന്റിലെത്തിയ 12കാരിയെ സഹോദരിയുടെ അപാർട്ട്മെന്റിലേക്ക് എത്തിച്ച ശേഷമായിരുന്നു 27കാരിയുടെ ക്രൂരത. കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ് ഷീറ്റുകൊണ്ട് മറച്ച പെട്ടിക്കുള്ളിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇവ കേസിൽ നിർണായകമായിരുന്നു.