ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് ചൈനീസ് അറ്റാഷെ, 'ഒരിക്കലും മറക്കില്ല, തീപിടിച്ച ചരക്കുകപ്പലിൽ നിന്ന് രക്ഷിച്ചത് 12 ചൈനീസ് നാവികരെ'

Published : Jul 22, 2026, 04:35 PM IST
Rear Admiral You Jian

Synopsis

"കഴിഞ്ഞ വർഷം ജൂണിൽ കേരള തീരത്ത് വെച്ച് തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് ഞങ്ങൾ ഒരിക്കലും മറക്കില്ല"-  റിയർ അഡ്മിറൽ യു ജിയാൻ പറഞ്ഞു.

ദില്ലി: കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചപ്പോൾ ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിനു നന്ദി പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥൻ. ചൈനീസ് ഭരണകൂടം ഇന്ത്യയിലേക്ക് നിയമിച്ച പുതിയ ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ ആണ് ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചത്. കഴിഞ്ഞ വർഷം കേരള തീരത്തു വച്ച് തീപിടിച്ച ചരക്ക് കപ്പലിൽനിന്നും 12 ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയത് ഓർമിപ്പിച്ചാണ് അദ്ദേഹം ഇന്ത്യയ്ക്ക് നന്ദി പറഞ്ഞത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോട് അനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യു ജിയാൻ.

"കഴിഞ്ഞ വർഷം ജൂണിൽ കേരള തീരത്ത് വെച്ച് തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് ഞങ്ങൾ ഒരിക്കലും മറക്കില്ല"- ,റിയർ അഡ്മിറൽ യു ജിയാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗമിക്കുകയാണെന്നും സൈന്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണവും ആശയവിനിമയവും വേണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 2025 ജൂണിലാണ് കേരളത്തിലെ അഴീക്കൽ തീരത്തിന് സമീപം എംവി വാൻ ഹൈ 503 എന്ന കപ്പലിന് തീപിടിച്ചത്. 12 ചൈനീസ് നാവികരെ ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്നാണ് അന്ന് രക്ഷപ്പെടുത്തിയത്.

ഇന്ത്യയും ചൈനയും പ്രധാനപ്പെട്ട അയൽരാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ ഭിന്നതകളേക്കാൾ വലുതാണെന്നും യു ജിയാൻ ചൂണ്ടിക്കാട്ടി. നയതന്ത്ര-സൈനിക ചാനലുകളിലൂടെയുള്ള ആശയവിനിമയം ശക്തമാക്കാനും പരസ്പര വിശ്വാസം വളർത്താനും ചൈന സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ നൽകിയ മികച്ച സംഭാവനകളെയും തന്ത്രപ്രധാനമായ ബന്ധങ്ങളെയും യു ജിയാൻ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കളുടെ കൂടിക്കാഴ്ചകൾക്ക് ശേഷം ഇന്ത്യ-ചൈന നയതന്ത്ര ബന്ധം കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുന്നതിനിടയിലാണ് ചൈനീസ് സൈനിക പ്രതിനിധിയുടെ ഈ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ തീ പടരുന്നു, പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക-ഇറാൻ സംഘർഷം; 24 മണിക്കൂറിനിടെ 9 കപ്പലുകൾക്ക് നേരെ ആക്രമണം
മയക്കുമരുന്ന് കേസിൽ ക്രൈം ഷോ അവതാരക സാറ ഖലീഫ അടക്കം 11 പേർക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യൻ കോടതി