
ഇസ്ലാമാബാദ്: സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് താങ്ങായി ലോകബാങ്ക് 700 മില്യൺ ഡോളറിന്‍റെ ധനസഹായത്തിന് അംഗീകാരം നൽകി. രാജ്യത്തിന്‍റെ മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മൾട്ടി-ഇയർ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് ശനിയാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകബാങ്കിന്‍റെ 'പബ്ലിക് റിസോഴ്‌സസ് ഫോർ ഇൻക്ലൂസീവ് ഡെവലപ്‌മെന്‍റ്' എന്ന പദ്ധതിക്ക് കീഴിലാണ് ഈ ഫണ്ട് റിലീസ് ചെയ്യുന്നത്. ആകെ 1.35 ബില്യൺ ഡോളർ വരെ ലഭ്യമാക്കാവുന്ന ഈ ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടമാണിത്.
ഫെഡറൽ പ്രോഗ്രാമുകൾക്ക് 600 മില്യൺ ഡോളർ, സിന്ധ് പ്രവിശ്യയിലെ വികസനത്തിന് 100 മില്യൺ ഡോളർ എന്നിങ്ങനെയാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ പഞ്ചാബ് പ്രവിശ്യയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനായി 47.9 മില്യൺ ഡോളറിvd]Jz ഗ്രാന്‍റും ലോക ബാങ്ക് അനുവദിച്ചിരുന്നു.
പാകിസ്ഥാന്‍റെ സുസ്ഥിരമായ വളർച്ചയ്ക്ക് ആഭ്യന്തര വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും വിനിയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് പാകിസ്ഥാനിലെ ലോകബാങ്ക് കൺട്രി ഡയറക്ടർ ബൊലോർമ അമ്ഗബസാർ പറഞ്ഞു. സ്കൂളുകൾക്കും ക്ലിനിക്കുകൾക്കും കൃത്യമായ ഫണ്ട് ലഭ്യമാക്കുക, നികുതി സംവിധാനം പരിഷ്കരിക്കുക, സാമൂഹിക-കാലാവസ്ഥാ നിക്ഷേപങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പാകിസ്ഥാന്‍റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നത് വഴി രാജ്യത്തെ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാനും സാധിക്കുമെന്ന് ലോകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് തോബിയാസ് അക്തർ ഹഖ് വ്യക്തമാക്കി. ശരിയായ ബജറ്റ് ആസൂത്രണത്തിലൂടെയും റവന്യൂ അഡ്മിനിസ്‌ട്രേഷൻ പരിഷ്‌കാരങ്ങളിലൂടെയും കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കാൻ ഈ നീക്കം സഹായിക്കും.
നിലവിൽ സങ്കീർണ്ണമായ നിയന്ത്രണങ്ങളും സുതാര്യമല്ലാത്ത ബജറ്റ് നടപടികളും പാകിസ്ഥാന്‍റെ റെവന്യൂ വരുമാനത്തെയും നിക്ഷേപത്തെയും ബാധിക്കുന്നുണ്ടെന്ന് നവംബറിൽ പുറത്തു വന്ന ഐഎംഎഫ്-ലോകബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകബാങ്കിന്റെ പുതിയ സാമ്പത്തിക സഹായം പാകിസ്ഥാന് ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam