ലോകത്താകമാനം 41.5 ലക്ഷം കൊവിഡ് ബാധിതർ; മരണം 2.83 ലക്ഷം

By Web TeamFirst Published May 11, 2020, 6:46 AM IST
Highlights

അമേരിക്കയിൽ രോഗം പകരുന്നത് പ്രതിരോധിക്കുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തി

ദില്ലി: ലോക രാഷ്ട്രങ്ങളിലെല്ലാമായി 41.5 ലക്ഷം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2.83 ലക്ഷം കടന്നു. 13.5 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മാത്രം 80000ത്തിലേറെ ആളുകൾ മരണമടഞ്ഞു.

അമേരിക്കയിൽ രോഗം പകരുന്നത് പ്രതിരോധിക്കുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തി. സ്പെയിനിൽ രണ്ട് മാസത്തിനിടെ ഒരു ദിവസത്തെ മരണ നിരക്കിൽ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തു. റഷ്യയിലും ഫ്രാൻസിലും ജർമ്മനിയിലും മരണനിരക്ക് കുറയുന്നത് ആശ്വാസമാകുന്നുണ്ട്. 

ബ്രിട്ടനിൽ നിബന്ധനകളോടെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. ആളുകൾ വീടുകളിൽ കഴിയണമെന്ന കർശന നിർദ്ദേശം ഒഴിവാക്കിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അതിനിടെ ചൈനയിലും ദക്ഷിണ കൊറിയയിലും പുതിയ കേസുകളിൽ വർധന രേഖപ്പെടുത്തുന്നത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. 

ഇന്ത്യയിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2109 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേർ മരിച്ചു. 3277 പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം അറുപത്തി രണ്ടായിരം കടന്നു. 

click me!