അന്തോണി ഫോസിയും വൈറ്റ് ഹൌസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്വാറന്‍റൈനില്‍

By Web TeamFirst Published May 10, 2020, 3:58 PM IST
Highlights

വൈറ്റ്ഹൌസുമായി ചേര്‍ന്ന് കൊറോണ വൈറസ് വ്യാപനം, പ്രതിരോധം എന്നിവ ഏകോപിപ്പിച്ചിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ക്വാറന്‍റൈനിലായിട്ടുള്ളത്. 

വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊറോണ വൈറസ് വ്യാപനം, പ്രതിരോധ പ്രവര്‍ത്തനം എന്നിവ വിലയിരുത്തി ഏകോപിപ്പിച്ചിരുന്ന കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷസ് ഡിസീസ് ഡയറക്ടർ അന്തോണി ഫോസിയും വൈറ്റ്ഹൌസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ മറ്റ് രണ്ടുപേരുമാണ് ക്വാറന്‍റൈനിലുള്ളത്. യു എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് കൊവിഡ് പോസിറ്റീവായിരുന്നു. 

ഇതിന് പിന്നാലെയാണ് കൊറോണ ടാസ്ക് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്‍റൈനില്‍ പോയത്. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ടട് റെഡിഫീല്‍ഡ്. കമ്മീഷണര്‍ ഓഫ് ദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ സ്റ്റീഫന്‍ ഹാന്‍ എന്നിവര്‍ സ്വയം ഐസൊലേഷനിലാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. എന്നാല്‍ പുനക്രമീകരിച്ച ക്വാറന്‍റൈനിലാണ് അന്തോണി ഫോസിയുള്ളത്. കൊവിഡ് 19 പോസിറ്റീവായ വൈറ്റ്ഹൌസ് ജീവനക്കാരനുമായി ഫോസി അടുത്ത് ഇടപഴകിയിട്ടില്ലെന്നാണ് വിവരം. 

രണ്ടാഴ്ചത്തേക്ക് ഫോസി വീട്ടിലിരുന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ദിവസവും കൊറോണ വൈറസ് ടെസ്റ്റിന് ഫോസിയെ വിധേയനാക്കുന്നുണ്ട്. ഇതുവരെയും ഫോസിയുടെ പരിശോധനാഫലം നെഗറ്റീവാണ്. കൊറോണ വൈറസ് ടാസ്ക് ഫോഴ്സില്‍ കൊവിഡ് ബാധിതനായ ജീവനക്കാരന്‍റെ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. രാജ്യത്തെ മഹാമാരിയുടെ വ്യാപനവും പ്രതിരോധ പ്രവര്‍ത്തനവും ഏകോപിപ്പിച്ചിരുന്നത് കൊറോണ വൈറസ് ടാസ്ക് ഫോഴ്സായിരുന്നു. ചൊവ്വാഴ്ച നടന്ന യോഗത്തിലും ഇവര്‍ മൂന്നുപേരും പങ്കെടുത്തിരുന്നു. 78000 പേരാണ് ഇതിനോടകം അമേരിക്കയില്‍ കൊവിഡ് ബാധിതനായി മരിച്ചിട്ടുള്ളത്. 1.3 മില്യണ്‍ ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

click me!