
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി വർഷങ്ങളായി പേറുന്ന ഫിൻലൻഡ്, പാകിസ്ഥാനടക്കമുള്ള 3 രാജ്യങ്ങളുമായുള്ള സഹകരണത്തിന്‍റെ കാര്യത്തിൽ പുതിയ തീരുമാനം കൈക്കൊണ്ടു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലെ എംബസികൾ പൂർണമായി അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഫിൻലൻഡ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2026 ഓടെ നടപടികൾ പൂർത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി എലീന വാൾട്ടോനൻ വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഫിൻലൻഡുമായുള്ള വാണിജ്യ - സാമ്പത്തിക ബന്ധങ്ങളുടെ പരിമിതിയുമാണ് തീരുമാനത്തിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമാബാദ്, കാബൂൾ, യാങ്കൂൺ എംബസികളാണ് അടയ്ക്കുന്നതെന്നും എലീന വാൾട്ടോനൻ വിവരിച്ചു.
തന്ത്ര പ്രധാന രാജ്യങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള വിദേശനയ പരിഷ്കരണത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഫിൻലൻഡ് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളുമായി ഫിൻലൻഡിന് ഇപ്പോൾ ഗണ്യമായ വാണിജ്യ - സാമ്പത്തിക ബന്ധങ്ങളില്ലെന്നും ഭാവിയിൽ തന്ത്രപരമായി പ്രധാനപ്പെട്ട പങ്കാളികളായ രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും എലീന വാൾട്ടോനൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ തുടരുന്ന സംഘർഷങ്ങളാണ് ഇരു രാജ്യങ്ങൾക്കും തിരിച്ചടിയായത്. ഈ രാജ്യങ്ങളിൽ തുടരുന്ന രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയും ഫിൻലൻഡിനെ പിന്മാറാൻ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ സാഹചര്യങ്ങൾ മോശമായി തുടരുന്നത് മ്യാൻമറിനും തിരിച്ചടിയായെന്ന് വ്യക്തമാണ്.
അതേസമയം ഇന്ത്യയെ ഫിൻലൻഡ് വലിയ തോതിൽ പ്രശംസിച്ചു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം ഉയർത്തിയ തീരുവ നയത്തെ എലീന ശക്തമായി എതിർത്തു. ഇന്ത്യക്കെതിരായ ട്രംപിന്‍റെ നടപടികൾ അനുചിതമാണെന്നും അവർ അഭിപ്രായപ്പെട്ടു. 'ഇന്ത്യ ഒരു സൂപ്പർ പവറാണ്, റഷ്യയെയും ചൈനയെയും പോലെ കൂട്ടിക്കെട്ടേണ്ടതില്ല' എന്ന് നേരത്തെ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും പ്രസ്താവിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനും യൂറോപ്യൻ യൂണിയൻ - ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം തന്നെ യാഥാർഥ്യമാക്കാനുമാണ് ലക്ഷ്യമെന്നും ഫിൻലൻഡ‍് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യമായി തുടർച്ചയായ എട്ടാം വർഷവും ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വിദേശനയം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരിരിക്കുന്നത്. ഇതിനോടകം യു എസിലെ ഹൂസ്റ്റണിൽ പുതിയ കോൺസുലേറ്റ് ജനറൽ തുറന്ന് തന്ത്രപരമായ സാന്നിധ്യം വർധിപ്പിക്കാനുള്ള നടപടികളും ഫിൻലൻഡ് ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ബിസിനസ് ഫിൻലൻഡിന്റെ മുൻ ഓഫീസുകളുള്ള ഇടങ്ങളിൽ വാണിജ്യ കാര്യാലയങ്ങൾ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.