
വാഷിംഗ്ടൺ: ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊത്ത് യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മുൻകാലങ്ങളിലെ അമേരിക്കയുടെ കറകൾ ബൈഡൻ മായിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. സമാധാനവും സഹകരണവും സൃഷ്ടിക്കാൻ കഴിയട്ടെയെന്ന് ഫ്രാൻസീസ് മാർപാപ്പ ആശംസിച്ചു. ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിലിരുന്നാണ് സ്ഥാനമൊഴിഞ്ഞ ട്രംപ് ഒരുക്കങ്ങൾ വീക്ഷിച്ചത്.
ബൈഡന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് എത്തിയത്. പ്രസിഡന്റായി ചുമതലേയറ്റ ജോ ബൈഡനെ അഭിനന്ദിക്കുന്നുവെന്ന് മോദി വ്യക്തമാക്കി. പൊതുവായുള്ള വെല്ലുവിളികളെ നേരിടുന്നതിലും സമാധാനവും സുരക്ഷയും ഉറപ്പാക്കാനും യോജിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവച്ചു. വൈസ് പ്രസിഡന്റായി ചുമതലയേറ്റ കമല ഹാരിസിനെയും അദ്ദേഹം അഭിനന്ദിച്ചു. അതേസമയം നേരത്തെ തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ട് ഇന്ത്യയിലെത്തിയ ട്രംപിന് വിജയാശംസകൾ നേർന്ന മോദി, ബൈഡനെ അഭിനന്ദിച്ചത് സാമൂഹിക മാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. നമസ്തേ ട്രംപും മൈഫ്രണ്ട്, ഇന്ത്യാ ഫ്രണ്ടും വീണ്ടും ട്രംപ് സർക്കാരും എല്ലാം ഉയർത്തി ട്രോളന്മാർ ആഷോഘിച്ച് തുടങ്ങിയിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ തുടങ്ങിയവരും ബൈഡനെയും കലമല ഹാരിസിനെയും അഭിനന്ദിച്ചു. ട്രംപിന്റെ കാലത്തുണ്ടായ തിരിച്ചടി മറികടക്കാൻ ലക്ഷ്യമിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ബൈഡന് ആശംസകൾ നേർന്നു. മേഖലയിലെ സമാധാനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷ ഇമ്രാൻ പങ്കുവച്ചു. അതേസമയം റഷ്യയും ചൈനയും ഇറാനും ബൈഡന്റെ സ്ഥാനാരോഹണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നത് ഉൾപ്പെടെയുള്ള പരന്പരാഗത ചടങ്ങുകൾ ഒഴിവാക്കിയ ട്രംപ്, പിൻഗാമിക്ക് കത്തെഴുതി വയ്ക്കുന്ന രീതി തെറ്റിച്ചില്ല. കത്തിന്റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. മഹത്തായ കത്തെന്ന് വിശേഷിപ്പിച്ച ബൈഡൻ, ട്രംപുമായി സംസാരിച്ച ശേഷമേ ഉള്ളടക്കം വ്യക്തമാക്കാനാകൂ എന്ന് പ്രതികരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam